-->
ബെല്‍ജിയം: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 13,500 കോടി രൂപയുടെ പിഎന്‍ബി ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുല്‍ ചോക്‌സിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയും സമീപിച്ചത്.
ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തിലെ തുറമുഖ നഗരമായ ആന്റ്വെര്‍പ്പില്‍ നിന്നാണ് മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. മെഹുല്‍ ചോക്‌സിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സിബിഐയുടെയും ഇ.ഡി.യുടെയും ആറ് പേര്‍ ഉള്‍പ്പെട്ട സംഘം ബെല്‍ജിയത്തിലേക്ക് തിരിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
മെഹുല്‍ ചോക്‌സിയും അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കിനെ വഞ്ചിച്ചെന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. അതേസമയം മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാനുള്ള ബെല്‍ജിയത്തിന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ചോക്‌സിയുടെ അഭിഭാഷകനെന്നാണ് വിവരം.
ക്യാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ കൂടെ പരിഗണിച്ചായിരിക്കണം യാത്രകള്‍ നിശ്ചയിക്കേണ്ടതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ ഇന്ത്യ എതിര്‍ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.