-->
സീരിയല്‍ രംഗത്ത് നിന്ന് ബിഗ് സ്ക്രീനിലേക്കെത്തി മികച്ച അഭിനയം കൊണ്ട് ബിഗ് സ്ക്രീനില്‍ പ്രേക്ഷകപ്രീതി നേടിയെടുത്ത അഭിനേത്രിയാണ് ലെന. രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ ലെന ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. തന്നെത്തേടിയെത്തുന്ന കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്ന് നോക്കാതെ തന്റേതായൊരു ടച്ച് നൽകി കഥാപാത്രം മികച്ചതാക്കുന്ന അഭിനേത്രിയാണ് ലെന.
25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ച ലെന കഴിഞ്ഞ വർഷമാണ് സിനിമയിൽ എത്തിയതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായരെ വിവാഹം ചെയ്തെന്ന് കഴിഞ്ഞ വര്‍ഷം ആരാധകരുമായി പങ്കിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിലൂടെ ആരാധകരെ അല്‍പ്പം കൗതുകത്തിലാഴ്ത്തുകയാണ് താരം. തന്റെ എഐ അവതാറിലൂടെ തന്റെ ഓട്ടോബയോഗ്രഫിയുടെ വിശേഷങ്ങള്‍ പറയുകയാണ് ലെന. ‘‘എന്റെ എഐ ട്വിന്നിനോട് ഒരു ഹായ് പറയൂ...ലെനയുടെ എഐ അവതാര്‍. അത് അവിശ്വസനീയമാണെന്ന് എനിക്കറിയാം...നിങ്ങൾ തീർച്ചയായും റീൽ രണ്ട് തവണ കാണും. നിങ്ങളുടെ അഭിപ്രായം കമന്റുകളിൽ പറയൂ...
പെൻഗ്വിൻ റാൻഡം ഹൗസിന്റെ ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’, ഡിസി ബുക്സിന്റെ ‘ദൈവത്തിന്റെ ആത്മകഥ’ പുസ്തകങ്ങളുടെയും കോപ്പി നിങ്ങള്‍ വാങ്ങിയിട്ടുണ്ടോ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ലെന ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘ഹേ ജെന്‍’ എന്ന പേജിന്റെ ടാഗ് ചെയ്താണ് ലെനയുടെ വീഡിയോ.
വീഡിയോയ്ക്ക് താഴെ ആരാധകര്‍ നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. പലരും അവിശ്വസനീയം എന്ന തരത്തിലുള്ള കൗതുകം നിറഞ്ഞ കമന്റുകളാണ് കുറിക്കുന്നത്.