-->
ന്യൂഡല്‍ഹി: ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി ഇക്കാര്യത്തില്‍ പരിധി ലംഘിക്കുകയാണെന്നും രൂക്ഷവിമര്‍ശനം ഉയര്‍ത്തി കേരളാ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തമിഴ്‌നാട് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ബില്ലുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ആര്‍ലേക്കറുടെ പ്രതികരണം. ഗവര്‍ണര്‍മാര്‍ക്ക് പുറമേ നിയമസഭ പാസ്സാക്കി എത്തുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്ന് പറഞ്ഞിരുന്നു.
സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അര്‍ലേക്കര്‍ വിമര്‍ശിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തലായിരുന്നു ആര്‍ലേക്കറുടെ വിമര്‍ശനം. ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും എന്നാല്‍ രണ്ടു ജഡ്ജിമാരുള്ള ബഞ്ചിന് എങ്ങിനെ ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുമെന്നും ചോദിച്ചു.
പാര്‍ലമെന്റിന്റെ രണ്ടു സഭകളും ചേര്‍ന്ന് മൂന്നില്‍രണ്ട് ഭുരിപക്ഷത്തില്‍ ഭരണഘടന മാറ്റാന്‍ തീരുമാനിക്കുകയാണ് വേണ്ടത്. അതിന് പകരം ആ അധികാരം കൂടി കോടതി എടുക്കുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ ആവശ്യം ഇല്ലല്ലോയെന്നും പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു വേണ്ടതെന്നും എന്നാല്‍ സുപ്രീംകോടതിയുടേത് അതിരു കടന്ന പ്രവര്‍ത്തിയാശണന്നും ഇത്തരത്തില്‍ ഒരുകാര്യം ചെയ്യരുതായിരുന്നെന്നും ആര്‍ലേക്കര്‍ പറഞ്ഞു. ഇതാദ്യമായിട്ടായിരുന്നു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 201 പ്രകാരമുള്ള ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി സമയപരിധി നിര്‍ണ്ണയിച്ചത്.