-->
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ ഉണ്ണി കേശവൻ എന്ന കഥാപാത്രത്തിലൂടെ കാമുകനായി, നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സൈജു കുറുപ്പ്. മാര്‍ക്കറ്റിങ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലമില്ലാത്ത ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന താരമാണ് സൈജു. എങ്കിലും പ്രേക്ഷകര്‍ സൈജുവിലെ നടനെ വളരെ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു.
കൈയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഇഷ്ടമേഖലയായ അഭിനയരംഗത്തേക്ക് എത്തിയ സൈജുവിന്റെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്. അതിലേറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ആട് എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിലെ അറക്കല്‍ അബു എന്ന കഥാപാത്രം. ഒന്നാം വലിയ സാമ്പത്തിക പരാജയം ആയിരുന്നിട്ടും രണ്ടാം ഭാഗം എടുക്കാൻ നിർമ്മാതാവായ വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവല്‍ തോമസും കൂടി തയ്യാറായപ്പോള്‍ സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കാന്‍ ആട് 2 വിനു കഴിഞ്ഞു.
ഏറെനാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ അടക്കം എത്തിച്ച സിനിമയായിരുന്നു ആട് 2. ചിത്രത്തിലെ പ്രധാനകഥാപാത്രമായ അറക്കല്‍ അബു എന്ന സൈജുവിന്റെ കഥാപാത്രം ആടിന്റെ ഒന്നാം ഭാഗത്തില്‍ ഏറെ ചിരിപ്പിച്ചിരുന്നു. പിന്നീട് ഇതേ കഥാപാത്രമായി രണ്ടാം ഭാഗത്തിലും സൈജു കുറുപ്പ് പ്രത്യക്ഷപ്പെട്ടത്. വടംവലി മത്സരത്തിന് പോവുന്ന ഷാജി പാപ്പൻ ഗ്യാങിലെ പ്രധാനിയായ അറക്കല്‍ അബുവിനെ പ്രേക്ഷകർ ഇരുകൈയും സ്വീകരിച്ചിരുന്നു. സൈജു കുറുപ്പ് അതുവരെ ചെയ്‌തതില്‍ നിന്ന് വ്യത്യസ്‌തമായ വേഷമായിരുന്നു ഇത്. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകളണ്ട്.
ഇപ്പോഴിതാ പുതിയ ‘ആടി’നെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സൈജു. എങ്ങനെയാണ് ആടിലേക്ക് എത്തിയതെന്ന് തുറന്നു പറയുകയാണ് താരം. ചാന്‍സ് ചോദിച്ച് മിഥുനെ വിളിക്കുമ്പോള്‍ ഔട്ടായ നടനെന്നായിരുന്നു അവര്‍ ചിന്തിച്ചതെന്ന് സൈജു പറയുന്നു.
‘‘മുൻപ് ആട് ചെയ്യുന്ന സമയത്ത് ഒരു ബ്രേക്ക് കിട്ടിയിരുന്നെങ്കിലും എനിക്ക് ഇടയ്ക്കിടെ സിനിമകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഭയങ്കര ഫ്ലോ വന്നിട്ടില്ല. ചാൻസ് ചോദിച്ചിട്ടാണ് ആടിലേക്ക് ഞാൻ വരുന്നത്. ശരിക്കും ആദ്യം ഞാൻ ചാൻസ് ചോദിച്ച് മിഥുനെ ആദ്യം വിളിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാനും എന്റെ ഫ്രണ്ട്സും വിചാരിച്ചത് ചേട്ടൻ ഒരു ഔട്ടായ നടനാണ് എന്നായിരുന്നുവെന്നാണ്. പക്ഷേ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി.
അപ്പോള്‍ ഇവരെങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇനി ഇവരെ എങ്ങനെ ഇമ്പ്രസ് ചെയ്യിക്കും എന്നായിരുന്നു എന്റെ ചിന്ത. എന്തായാലും അവരെന്നെ കാസ്‌റ്റ് ചെയ്‌തു. അപ്പോള്‍ അവരെ ഒന്ന് ഇമ്പ്രസ് ചെയ്യണമല്ലോ. അപ്പൊ ഞാൻ അവരെ ഒന്നുകൂടി വിളിച്ചു. ഷൂട്ട് പറഞ്ഞ ഡേറ്റിന് തന്നെയല്ലേ എന്ന് ചോദിച്ചാണ് വിളിച്ചത്. ഞാൻ എന്തെങ്കിലും ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ടോ. എന്റെ പൊന്നു ചേട്ടാ നിങ്ങള്‍ താടിയും മീശയും വളർത്തിയിട്ട് ലൊക്കേഷനിലേക്ക് വരിക എന്നാണ് മിഥുൻ പറഞ്ഞത്.
പിന്നെ ലൊക്കേഷനില്‍ വച്ചാണ് അറക്കല്‍ അബുവിനെ ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റുന്നത്. അതങ്ങ് ചെയ്യുകയായിരുന്നു. ഞാൻ ഹോം വർക്ക് ചെയ്‌തിട്ടില്ല, മുൻപിലൊരു റഫറൻസ് പോലും ഉണ്ടായിരുന്നില്ല. സാധാരണ എന്തെങ്കിലുമൊക്കെ ഉണ്ടാവാറുണ്ട്. ആട് ഒന്നാം ഭാഗത്തേക്കാള്‍ ബുദ്ധിമുട്ടായിരുന്നു ശരിക്കും പറഞ്ഞാല്‍ രണ്ടാം ഭാഗം. കാരണം ഒന്നാം ഭാഗത്തില്‍ അറക്കല്‍ അബുവിനെ എല്ലാരും മനസിലാക്കി കഴിഞ്ഞിരുന്നു.
അയാള്‍ ബേസിക്കലി ഒരു പേടിത്തൂറിയാണ്. അപ്പോള്‍ ഇതെങ്ങനെ അഭിനയിക്കും എന്നതാണ്. ആട് മൂന്നാം ഭാഗം വെറും കോമഡി മാത്രമല്ല, വ്യത്യസ്‌തമായ ചില ജോണറിലൂടെയാണ് കഥ പോവുന്നത്. ഇപ്പോള്‍ അത് തുറന്ന് പറയാൻ സമയം ആയിട്ടില്ല. എങ്കിലും വളരെ രസകരമായിരിക്കും അതെന്ന് ഉറപ്പാണ്. അറക്കല്‍ അബുവിന് കുതിര സവാരി ഒക്കെയുണ്ട്. അതൊക്കെ ഇനി ചെറുതായിട്ടൊന്ന് പഠിക്കണം...’’ സൈജു കുറുപ്പ് പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ആടിന്റെ അപ്ഡേറ്റ് നല്‍കിയത്.