-->
അഹമ്മദാബാദ്: ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2025 കോണ്‍ഗ്രസിന്റെ പുതുശക്തിയുടേയും പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടാന്‍ തയ്യാറല്ലാത്തവരെ ഒഴിവാക്കുമെന്നും പദവികളില്‍നിന്ന് നിര്‍ബന്ധിത വിരമിക്കലുണ്ടാകുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ കഴിവുളളവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കണമെന്നും ഗ്രൂപ്പു കളിക്ക് നിന്നുകൊടുക്കാത്ത ഡിസിസി പ്രസിഡന്റുമാരെയാണ് പാര്‍ട്ടിക്ക് ആവശ്യമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഗുജറാത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനത്തിലാണ് ഖാര്‍ഗേ ഇക്കാര്യം വ്യക്തമാക്കിയത്. ഡിസിസി പ്രസിഡന്റുമാരുടെ ശാക്തീകരണ നടപടി തന്നെയാകും സംഘടനയില്‍ വരുത്താനുദ്ദേശിക്കുന്ന പ്രധാന മാറ്റമെന്ന് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.
ഡിസിസികള്‍ക്കും അധ്യക്ഷന്മാര്‍ക്കും പ്രവര്‍ത്തന മാര്‍ഗരേഖ ഇറക്കും. സാമൂഹിക നീതിക്കും മതേതരത്വത്തിനും ഊന്നല്‍ നല്‍കാനും സംഘടനാതലത്തില്‍ ഡിസിസികളെ ശാക്തീകരിക്കാനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്‍കി. പാര്‍ട്ടിക്ക് കരുത്തേകാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് എഐസിസി സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഡിസിസിക്ക് കീഴിലെ മുഴുവന്‍ കമ്മിറ്റികളും അടുത്ത ഒരു വര്‍ഷത്തിനുളളില്‍ അധ്യക്ഷന്മാര്‍ പുനസംഘടിപ്പിക്കണം എന്നാണ് മാര്‍ഗരേഖയിലെ പ്രധാന വ്യവസ്ഥ.
രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷം, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കിയിട്ടുണ്ട്. സബര്‍മതി തീരത്ത് നടന്ന സമ്മേളനത്തില്‍ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.