-->
ഹിമാചൽ പ്രദേശിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ ഈ പരാമർശം നടത്തിയത്.
തന്‍റെ മണ്ഡലമായ മാണ്ഡിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു കങ്കണ- "ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ദയനീയമായ സാഹചര്യം സൃഷ്ടിച്ചു. ഈ മാസം, മണാലിയിലെ എന്‍റെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു, അവിടെ ഞാൻ താമസിക്കുന്നത് പോലുമില്ല! ഇവിടുത്തെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ."
രാജ്യമെമ്പാടും മോദി തരംഗമുണ്ടെന്നും പക്ഷേ ഹിമാചൽ പ്രദേശിന്റെ അവസ്ഥ വേദനാജനകമാണെന്നും കങ്കണ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നോർത്ത് ലജ്ജ തോന്നുന്നു. ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചെന്നായകളുടെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.