Saturday, March 14, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 02.52 PM

‘‘തീയിൽ കുരുത്തവനാ വെയിലത്ത്‌ വാടില്ല...’’ തന്നെ പരിഹസിച്ച ട്രോളുകള്‍ക്ക് മറുപടിയുമായി മണിക്കൂട്ടന്‍; പരിഹസിക്കുന്നവർ പരിഹസിക്കട്ടേ എന്ന് കമന്റുകള്‍

uploads/news/2025/04/774803/Untitled-6.jpg
Manikuttan about trolls on his role on empuraan movie (Image Source: Instagram)

‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് പിന്നീടിങ്ങോട്ട് നായകൻ, വില്ലൻ, സഹനായകൻ എന്നീ റോളുകളിലൂടെയെല്ലാം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മണിക്കുട്ടന്‍. ആദ്യ സിനിമയില്‍ നായകനായെങ്കിലും പിന്നീട് നായകവേഷത്തില്‍ അധികം തിളങ്ങാന്‍ മണിക്കുട്ടന് കഴിഞ്ഞിട്ടില്ല എന്നു വേണം പറയാന്‍. എന്നാല്‍ തന്നെത്തേടിയെത്തിയ കഥാപാത്രങ്ങള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും മടി കൂടാതെ മണിക്കുട്ടൻ ചെയ്തു.‍
ഈയടുത്ത് റിലീസ് ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ‘എമ്പുരാനി’ലും മണിക്കുട്ടൻ ഒരു വേഷം അഭിനയിച്ചിരുന്നു. മണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വലിയ സ്ക്രീൻ ടൈം ഉള്ള കഥാപാത്രമല്ലാതിരുന്നിട്ടും തനിക്ക് കിട്ടിയ റോള്‍ മനോഹരമായി തന്നെ താരം അവതരിപ്പിച്ചു. പക്ഷേ സ്ക്രീൻ ടൈം കുറവാണെന്നതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ മണിക്കുട്ടന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഇറങ്ങി. മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ വെച്ചാണ് ഏറെയും ട്രോളുകള്‍.
ഇപ്പോഴിതാ ഈ ട്രോളുകളോട് പ്രതികരിച്ച് മണിക്കുട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോളുകളോട് പ്രതികരിച്ച് താരം കുറിച്ച്. ഒപ്പം ട്രോള്‍ പോസ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. നടൻ കുറിച്ചത്.
‘‘മലയാളത്തിലെ അത്രയധികം കളക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്മസമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും.വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപെടില്ല, എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു.സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊർജം,എന്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും.
ഒരു ഓർമപ്പെടുത്തൽ ആണ് ‘തീയിൽ കുരുത്തവനാ വെയിലത്ത്‌ വാടില്ല’...’’ മണിക്കുട്ടന്‍ കുറിച്ചു. ക്യാരക്ടർ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് ഇട്ടത്..? എന്ന രീതിയില്‍ പരിഹസിച്ച്‌ വന്ന ട്രോളും കുറിപ്പിനൊപ്പം മണിക്കുട്ടൻ പങ്കുവെച്ചു.
മണിക്കുട്ടന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പിന്തുണ അറിയിച്ച്‌ നിരവധി ആരാധകർ കമന്റുകള്‍ കുറിച്ചു. പരിഹാസങ്ങളില്‍ തളരാതെ മുന്നോട്ട് പോകാൻ ആശംസകള്‍ നേർന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍. ‘മണിക്കൂട്ടൻ നന്നായി തന്നെ എമ്പുരാനില്‍ പെർഫോം ചെയ്തു, പരിഹസിക്കുന്നവർ പരിഹസിക്കട്ടേ, സ്ക്രീൻ ടൈം കുറവായിരുന്നുവെങ്കിലും കിടുവായിരുന്നു, ചേട്ടാ ഇപ്പോഴത്തെ കാലത്ത് ട്രോള്‍ വരണം. അങ്ങനെ വന്നാല്‍ അതിന്റെ അർത്ഥം ഹിറ്റായിയെന്നും അത്രയും പേരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നുമാണ്, ഇതൊക്കെ ചുമ്മാ ഫണ്‍ ആയിട്ട് കണ്ടാല്‍ മതി, അല്ലേലും ആരും ഒറ്റയടിക്ക് ക്ലച്ച്‌ പിടിച്ച ചരിത്രമില്ല. പെട്ടെന്ന് കേറിയവർ അധികകാലം പിടിച്ച്‌ നിന്നിട്ടുമില്ല, കായംകുളം കൊച്ചുണ്ണി എന്ന ഒറ്റ കഥാപാത്രം മതി നിങ്ങളെ ഓർത്തിരിക്കാൻ ഭാവങ്ങളും മെയ്വഴക്കവും ആരും മറക്കില്ല. പിന്നെ സിനിമയെ സിനിമ ആയിട്ട് കാണാൻ എല്ലാവരും പറയുന്നതുപോലെ ട്രോളിനെ ട്രോള്‍ ആയിട്ട് കാണുക. ഇത്രയും അഭിനയ ശേഷിയുള്ള ലാലേട്ടനെ പോലും ആളുകള്‍ ട്രോളുന്നില്ലേ...’ എന്നിങ്ങനെയാണ് കമന്റുകള്‍. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വിജയിയായിരുന്നു മണിക്കുട്ടൻ. കുടുംബപ്രേക്ഷകർ മണിക്കുട്ടനെ സ്നേഹിച്ച്‌ തുടങ്ങിയത് ബിഗ് ബോസില്‍ വന്നശേഷമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW