Friday, March 13, 2026 Last Updated 36 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 02.27 PM

‘‘കമ്മീഷണര്‍ റിലീസ് ചെയ്ത ശേഷം കാറിന് പുറകില്‍ എസ് പിയുടെ തൊപ്പി വെച്ചിരുന്ന ആളാണ് സുരേഷ് ഗോപി; കട്ട് പറയേണ്ടത് ജനങ്ങള്‍...’’ ട്രോളി മന്ത്രി കെ.ബി. ഗണേഷ് കുമാർ

കേന്ദ്രമന്ത്രി സുരേഷ്ഗോപി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് പ്രതികരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെ പരിഹാസത്തോടെ വിമർശിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
uploads/news/2025/04/774797/Untitled-05.jpg
Ganeshkumar about Suresh Gopi (Image Source: Youtube)

​കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. പലപ്പോഴും രോഷാകുലനായും സിനിമാസ്റ്റൈല്‍ ഡയലോഗുകള്‍ പറയുന്നതു കാരണവുമാണ് സോഷ്യല്‍ മീഡിയ സുരേഷ് ഗോപിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിത്തുടങ്ങിയത്. എന്തെങ്കിലും ചോദ്യം ഇഷ്ടപ്പെടാതെ വരുകയോ, ഉത്തരം മുട്ടുകയോ ചെയ്യുമ്പോള്‍ വളരെ കര്‍ക്കശമായി ദേഷ്യത്തോടെ പ്രതികരിക്കാറുണ്ട് സുരേഷ്ഗോപി.
സിനിമയിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും താരത്തിന്റെ മനസ്സിലുണ്ടെന്നും അങ്ങനെയാണ് സുരേഷ്ഗോപി പ്രതികരിക്കുന്നതെന്നുമാണ് പലരും വിമര്‍ശിക്കുന്നത്. ഇക്കഴിഞ്ഞ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപ പരാമര്‍ശം മന്ത്രി നടത്തിയിരുന്നു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്തായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.
ഇപ്പോഴിതാ സുരേഷ് ഗോപിയെ പരിഹാസത്തോടെ വിമർശിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും താൻ സംവിധായകൻ അല്ലെന്നും, ആക്ഷനും റിയാക്ഷനും അവരവരുടെ ഇഷ്ടമാണെന്നും ഗണേശ് പറഞ്ഞു. കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിന് പുറകില്‍ എസ് പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാർ പരിഹസിച്ചു.
‘‘കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിന് പുറകില്‍ എസ് പിയുടെ തൊപ്പി വെച്ചിരുന്ന ആളാണ് സുരേഷ് ഗോപി എന്നും ഗണേഷ് കുമാർ പറഞ്ഞു. വർഷങ്ങള്‍ക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐ പി എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. സാധാരണ ഉന്നത പോലീസുകാർ കാറില്‍ യാത്ര ചെയ്യു​മ്പോള്‍ അവരുടെ തൊപ്പി ഊരി മാറ്റി സീറ്റിന്റെ പിന്നില്‍ വെക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേകാലം എസ് പി ഐ പി എസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നില്‍ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെ കുറിച്ച്‌ പറയാനുള്ളൂ.
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണ്. സുരേഷ് ഗോപിക്ക് അല്ല കുഴപ്പമെന്നും സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത തൃശൂർകാർക്കാണ്. ഏറെ കാലമായി അടുത്തറിയാവുന്നയാളാണ് സുരേഷ് ഗോപി, പറയാനുള്ളതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞുകഴിഞ്ഞു. ഇനി പുതുതായി പറയാനില്ല. തിരഞ്ഞെടുപ്പ് സമയത്ത് എന്റെ പ്രസംഗം കേട്ട് അന്ന് പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഇപ്പോള്‍ കാര്യം മനസ്സിലായില്ലേ...തിരഞ്ഞെടുപ്പിന് മുമ്പ് തൃശുർകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായി. ഇനി തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു...’’ ഗണേഷ് കുമാർ പറഞ്ഞു.
സുരേഷ് ഗോപിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണേശ്. എമ്പുരാനെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘപരിവാർ ആക്രമണമാണെന്നും സിനിമക്കെതിരെ ആക്രമണം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്നും ജനാധിപത്യപരമായ വിമർശനം ആവാം എന്നാല്‍ അത് ഇങ്ങനെയാകരുതെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.
‘‘സിനിമ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സിനിമയുടെ പേരിലുള്ള വിവാദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് മാത്രം പറയും. എന്ത് പറഞ്ഞാലും വിവാദമാക്കുകയാണ്. ജസ്റ്റ് റിമമ്പർ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. ഞാൻ ഒരുപാട് രാഷ്ട്രീയ സിനിമകളില്‍ അഭിനയിച്ചതാണ്. യു ഡി എഫ് വിരുദ്ധ സിനിമകളായിരിന്നു ഏറെയും എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല...’’ ഗണേശ് പറഞ്ഞു. ഗണേശിന്റെ പരിഹാസം നിറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഗണേശിന്റെ പരിഹാസരൂപേണയുള്ള പ്രതികരണം ശ്രദ്ധിക്കപ്പെട്ടതോടെ അടികൊണ്ട് നീരുവെച്ച ഗണേഷ് കുമാറിന്റെ മുഖത്തിന്റെ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമ്മീഷണർ സിനിമ ഇറങ്ങിയ കാലത്ത് സുരേഷ് ഗോപിയുടെ കാറിന്റെ പിറകില്‍ എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നുവെന്നായരുന്നു ഗണേഷിന്റെ പരിഹാസം.
‘കമ്മീഷണർ’ തൊപ്പി വീണ്ടും ചർച്ചയായതോടെയാണ് ആ തൊപ്പി എവിടെയെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടത്. ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായി തളര്‍ന്ന് പോയ ഷെഫീഖ് എന്ന കുഞ്ഞിനെ മലയാളി ഒരിക്കലും മറക്കില്ല. ഗണേഷ് കുമാർ പറഞ്ഞ് ആ തൊപ്പി ഈ കുരുന്നിനാണ് സുരേഷ് ഗോപി സമ്മാനിച്ചത്. പിറന്നാളിന് സുരേഷ് ഗോപി വരണമെന്നത് ഷെഫിഖിന്റെ വലിയ ആഗ്രഹമായിരുന്നു. 2014 സെപ്തംബറില്‍ ഷെഫീഖിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാം തിരക്കുകളും മാറ്റിവെച്ച്‌ സുരേഷ് ഗോപി തൊടുപുഴയിലുള്ള ഷെഫീഖിന്റെ അടുത്തെത്തി. അന്ന് സുരേഷ് ഗോപി വെറും നടൻ മാത്രമായിരുന്നു. കേക്ക് മുറിച്ചും കമ്മീഷണർ ഹിറ്റ് ഡയോലോഗുകള്‍ പറഞ്ഞു അവനെ ഷെഫീഖിനെ സന്തോഷിപ്പിച്ചു. ഷെഫീഖിനെ കെട്ടിപിടിച്ച്‌ ചുംബനം നല്‍കി താരാട്ട് പാടി കൊടുത്താണ് അവിടെ നിന്നും സുരേഷ് ഗോപി ഇറങ്ങിയത്.
ഗണേഷ് കുമാറിന്‍റെ തൊപ്പി പരാമര്‍ശത്തിന് പിന്നാലെ സൈബറിടത്ത് ഷെഫീഖിനെ കാണാൻ പോയ കാര്യം സുരേഷ് ഗോപി പറയുന്ന പഴയ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നു. ‘‘എന്റെ കയ്യില്‍ ഇപ്പോള്‍ ആ തൊപ്പിയില്ലാ, തൊടുപുഴയില്‍ രണ്ടാനമ്മയും അച്ഛനും അടിച്ച്‌ രോഗിയാക്കിയ ആ കുഞ്ഞിന് കൊടുത്തു...’’ എന്നാണ് വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW