-->
തൃശ്ശൂര്‍: സെക്യുരിറ്റി ജീവനക്കാരനെ ജീപ്പിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വ്യവസ്ഥ അനുസരിച്ച് 15 ദിവസത്തേക്ക് പരോള്‍ കിട്ടും. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.
കഴിഞ്ഞ മൂന്നാംതീയതിയാണ് പരോള്‍ അനുവദിച്ചതെങ്കിലൂം സര്‍ക്കാര്‍ വ്യവസ്ഥ നിശ്ചയിക്കുന്ന ദിവസം മുതലായിരിക്കും പരോള്‍. 2016 ലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടുപ്പിച്ച് കൊലപ്പെടുത്തിയത്. 2016 ജനുവരി 21 നായിരുന്നു നിസാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തൃശ്ശൂര്‍ അഡീഷണല്‍ കോടതി 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും ഉത്തരവിട്ടിരുന്നു.
നിഷാം വാഹനമിടുപ്പിച്ചതിനെ തുടര്‍ന്ന് വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് ചന്ദ്രബോസിന്റെ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്‍ച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകി. ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാര്‍ഡ് ചോദിച്ചു. രണ്ടിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിക്കുകയായിരുന്നു.
ഓടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനെയും (31) മര്‍ദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്‌ളയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലുകള്‍ തകര്‍ന്നു ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതി ചന്ദ്രബോസ് ചികിത്സയില്‍ കഴിയവേ 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു. സംഭവത്തില്‍ വലിയ ജനരോഷം ഉണ്ടായി.