-->
മലയാളികളുടെ മനസ്സില്‍ ഇന്നും ഉണ്ടക്കണ്ണുകളുള്ള നാടന്‍ ചേലുള്ള സുന്ദരിയായി തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് പാര്‍വ്വതി ജയറാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയറാമിനെ വിവാഹം ചെയ്ത് കുടുംബിനിയായി സന്തോഷത്തോടെ ജീവിക്കുന്ന പാര്‍വ്വതിയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചു വരവ് ആഗ്രഹിക്കാത്ത മലയാളികളില്ല. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം കണ്ടെത്താറുള്ള ജയറാം ഭാര്യ പാര്‍വ്വതിയെക്കുറിച്ച് പരാമര്‍ശിക്കാത്ത അഭിമുഖങ്ങളില്ല എന്നു തന്നെ പറയാം.
മലയാള സിനിമാലോകത്ത് വളരെ പ്രശസ്തമായ ഒരു പ്രണയമായിരുന്നു ജയറാമിന്റെയും പാര്‍വ്വതിയുടെയും. സിനിമയില്‍ പാര്‍വ്വതി തിളങ്ങി നിന്ന സമയത്താണ് ജയറാമിനെ പ്രണയിച്ച് വിവാഹം ചെയ്ത് താരപത്നി ലൈംലൈറ്റില്‍ നിന്ന് അപ്പാടെ മാറിയത്. ജയറാം സിനിമാതിരക്കുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ മക്കളായ കാളിദാസിനെയും മാളവികയെയും വളര്‍ത്തി അവര്‍ക്കായി സമയവും ജീവിതവും മാറ്റി വച്ച് അവര്‍ക്ക് വേണ്ടി പാര്‍വ്വതി ജീവിതം ഉഴിഞ്ഞു വച്ചു. അതുകൊണ്ട് തന്നെ മക്കള്‍ക്ക് അമ്മയോടുള്ള സ്നേഹത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. മക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം പാർവതി തന്നെയായിരുന്നു. മക്കള്‍ക്കൊപ്പമാണ് താൻ വളർന്നതെന്നാണ് പാർവതി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മക്കളുടെ എല്ലാ സന്തോഷത്തിലും പാര്‍വ്വതി അവര്‍ക്കൊപ്പമുണ്ട്.
ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തില്‍ മക്കളായ കാളിദാസും മാളവികയും പങ്കിട്ട സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വെെകാരികമായ വരികളോടെയാണ് മാളവിക അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. അമ്മയെ ആവശ്യമില്ലാത്ത ഒരു ദിവസം പോലുമില്ലെന്നാണ് മാളവികയുടെ കുറിപ്പ്.
‘‘അമ്മേ,
നീ വളർന്ന ശേഷം എന്നെ അത്രയധികം ആവശ്യമില്ലാത്ത ഒരു ദിവസം വരുമെന്ന് നിങ്ങളെന്നോട് പറയാറുണ്ടായിരുന്നു. ഞാൻ വളർന്നു എന്നത് സത്യമാണ്. പക്ഷെ നിങ്ങള്‍ പറഞ്ഞത് തെറ്റാണ്. ഇത്രയും വർഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കിപ്പോഴും നിങ്ങളെ വേണം. എനിക്ക് അമ്മയെ എക്കാലത്തെയും പോലെ ആവശ്യമുണ്ട്. അതും മുമ്പത്തെ പോലെ തന്നെ.
നിങ്ങള്‍ക്ക് ഉണക്കാൻ പറ്റാത്ത മുറിവില്ല. നിങ്ങള്‍ക്ക് ശരിയാക്കാൻ പറ്റാത്ത മോശം ദിവസങ്ങളില്ല. ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അപ്പോള്‍ അമ്മ അറിയുന്നു. നമ്മള്‍ രണ്ട് വീടുകളിലായിരിക്കും താമസിക്കുന്നത്. പക്ഷെ നിങ്ങളാണ് എപ്പോഴും എന്റെ വീട്. ജീവിതത്തിൽ എന്തൊക്കെ കരുതിയാലും, ജീവിതം എന്ത് കൊണ്ടുവന്നാലും, ജീവിതത്തില്‍ എന്താെക്കെയുണ്ടായാലും നിങ്ങളെ ആവശ്യമില്ലാത്ത ഒരു ദിവസം പോലുമില്ല...ജന്മദിനാശംസകൾ അമ്മാ...’’ എന്നാണ് മാളവിക അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. കഴിഞ്ഞ വർഷമായിരുന്നു മാളവികയുടെ വിവാഹം. വിവാഹ ശേഷം ഭർത്താവ് നവനീതിനൊപ്പം വിദേശത്താണ് മാളവിക കഴിയുന്നത്.
പാർവതി കുഞ്ഞായ കാളിദാസിനെയും എടുത്ത് നില്‍ക്കുന്ന ഫോട്ടായാണ് ഒരു ത്രോബാക്ക് ചിത്രമാണ് കാളിദാസ് പങ്കിട്ടത്. ചിത്രത്തില്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് കാളിദാസ്. ‘‘ഹാപ്പി ബര്‍ത്ത്ഡേ അമ്മ...’’ എന്ന ആശംസയും കാളിദാസ് കുറിച്ചിട്ടുണ്ട്.
ഒരിക്കല്‍ പാര്‍വ്വതി പറഞ്ഞത് സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഒരുപക്ഷെ വീണ്ടും അഭിനയിച്ചേക്കുമെന്നാണ്. എന്നാല്‍ ജയറാം കരിയറില്‍ ഇപ്പോഴും സജീവമാണ്. എബ്രഹാം ഒസ്ലർ ആണ് മലയാളത്തില്‍ ജയറാമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തില്‍ ചെയ്ത സിനിമയായിരുന്നു ഇത്. കരിയറില്‍ വന്ന തുടർ പരാജയങ്ങള്‍ കാരണമാണ് കുറച്ച് നാള്‍ മലയാളത്തില്‍ നിന്ന് ജയറാം മാറി നില്‍ക്കാൻ കാരണം. അതേസമയം മറ്റ് ഭാഷകളില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്ത്യൻ 2 എന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ പ്രേക്ഷകർ കണ്ടത്.