-->
കൊച്ചി: മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി.യുടെ നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധന നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമെടുത്തുള്ള ചോദ്യം ചെയ്യലാണ് നടത്തിയത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് പരിശോധന. ഗോകുലം ഗോപാലന്‍ നിര്‍മ്മാതാവായ വിവാദസിനിമ ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തില്‍ നിന്നും 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യസിനിമയായിട്ടാണ് എംപുരാന്‍ മാറിയിരിക്കുന്നത്.