-->
പിതംപുരയിൽ വൃദ്ധയെ തോക്കുചൂണ്ടി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികൾ. മുഖ്യപ്രതിയുടെ വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തതെന്ന് 3 പ്രതികളും സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. . മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തതായും ദില്ലി പോലീസ് അറിയിച്ചു.
മാർച്ച് 31 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 72 വയസുകാരിയായ കംലേഷ് ആറോറ എന്ന സ്ത്രീക്ക് നേരെയാണ് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വൃദ്ധയോട് കൊറിയർ ഉണ്ടെന്ന് പറഞ്ഞ് ബെൽ അടിക്കുകയായിരുന്നു. വാതിൽ തുറന്നപ്പോഴേക്കും പ്രതികൾ അകത്ത് കയറുകയായിരുന്നു. ഇതിനു ശേഷം വൃദ്ധയെ കഴുത്തു ഞെരിച്ചു. എന്നാൽ ഇത് കണ്ട് മകൾ ഓടിയെത്തി വാതിൽ അടച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനു ശേഷം പ്രതികൾ ബൈക്കിൽ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 309(5)/3(5), ആയുധ നിയമത്തിലെ സെക്ഷൻ 25/27 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും ദില്ലി പോലീസ് വ്യക്തമാക്കി.