-->
'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന് ആരോപണം . സിപിഎം ഉന്നത നേതാവിന്റെ അടുത്ത ബന്ധുവായ പരാതിക്കാരി ചെലുത്തിയ സമ്മർദ്ദം കാരണമാണ് നടപടിക്രമങ്ങൾ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഷംസുദ്ദീൻ പറഞ്ഞു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹിൽപാലസ് എസ് എച്ച് ഒ യെ നേരിട്ട് വിളിച്ച് വരുത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റിന് പിന്നിലെ അനാവശ്യ തിടുക്കത്തെ രൂക്ഷമായി വിമർശിച്ചു.
"ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് രണ്ട് ദിവസങ്ങളായി നടക്കുന്നത്. എഫ്ഐആർ ഇട്ടതുമുതൽ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇങ്ങനെയൊരു കേസുള്ള കാര്യം അറിയുന്നത്. രാത്രി പത്ത് മണിയോട് കൂടിയാണ് എന്റെ ഫ്ലാറ്റിന്റെ ഡോറുകൾ രണ്ടും കുത്തിത്തുറന്ന് അകത്ത് കയറിയിട്ടാണ് ഒരു സംഘം പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയാണ് ജാമ്യം കിട്ടിയത്. ഒത്തുതീർപ്പിൽ മുന്നേതന്നെ അവസാനിച്ച ഒരു കേസായിരുന്നു ഇത്. പാനഞ്ചോളം ടെക്‌നീഷ്യൻസിന്റെ പ്രതിഫലം ഇനിയും കിട്ടാനുണ്ട്, ആർട്ടിസ്റ്റുകളുടെയും കിട്ടാനുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ അത്യാവശ്യം രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിൽ നിന്നാണ് . അങ്ങനെയൊരു രാഷ്ട്രീയ ബന്ധം ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. .
സിനിമയുടെ ഹാർഡ് ഡിസക് കൈവശപ്പെടുത്തി, എസ്റ്റിമേറ്റിലധികം പണം ചിലവാക്കി തുടങ്ങിയ പരാതികളിലാണ് അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദീനടക്കം 5 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തത്.