-->
മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമായിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയിലെത്തിയ ‘എമ്പുരാന്‍’. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കഴിഞ്ഞ മാസം ചിത്രമെത്തിയത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ടായിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്ത അന്നുമുതല്‍ വിവാദങ്ങളും തുടങ്ങി. ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായി പലതും പറയുന്നുണ്ടെന്നായിരുന്നു ആരോപണം.
സംവിധായകനായ പൃഥ്വിരാജിന് നേരെയാണ് ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായത്. സിനിമയിലെ നായകനായ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയതും പൃഥ്വിരാജ് അതിനെ പിന്തുണച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതുമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തതാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും മലയാള സിനിമയ്ക്ക് ഇന്നേവരെ ലഭിക്കാത്ത നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കുന്നുണ്ട്. ബോക്‌സ് ഓഫിസില്‍ 250 കോടി കടന്നുവെന്ന സന്തോഷ വാര്‍ത്ത ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ ഈ നേട്ടത്തിന്റെ ആഘോഷത്തിനിടയില്‍ നിര്‍മാതാവായ ആന്റണി പെരുമ്പാവൂർ പങ്കിട്ട ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മൂന്നു ചിത്രങ്ങളാണ് ആന്റണി പങ്കിട്ടത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും മുരളി ഗോപിയ്ക്കൊപ്പവുമുള്ള ചിത്രങ്ങളായിരുന്നു അത്. അതില്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രത്തിന് ആന്റണി നല്‍കിയ ക്യാപ്ഷനും പൃഥ്വി നല്‍കിയ മറുപടിയും ആഘോഷിക്കുകയാണ് ആരാധകര്‍. ‘‘എല്ലാം ഓക്കെ അല്ലേ അണ്ണാ...’’ എന്ന ക്യാപ്ഷനാണ് ആന്റണി പൃഥ്വിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന് മറുപടിയും നല്‍കി പൃഥ്വി. പോസ്റ്റ് സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ട് ‘‘പിന്നല്ല...’’ എന്ന മറുപടിയാണ് പൃഥ്വി ആന്റണിയ്ക്ക് നല്‍കിയത്.
ഞൊടിയിടയില്‍ ഫാൻസ് ഇത് ഏറ്റെടുത്തു. ‘പൃഥ്വിയും ആന്റണിയുമാണ് ശരിക്കുള്ള ചങ്ക്...’ എന്നാണ് ആരാധകര്‍ നല്‍കുന്ന കമന്റ്. വാക്ക് പോര് മുറുക്കുന്നതിനിടയിലാണ് ആന്റണിയുടെയും പൃഥ്വിയുടെയും പോസ്റ്റുകള്‍ ഫാൻസ് ഏറ്റെടുത്തത്. ‘ഇവരാണ് യഥാർത്ഥ സുഹൃത്തുക്കള്‍, ഇങ്ങനെ ആയിരിക്കണം ശരിയ്ക്കുള്ള ചങ്ക്‌സ് എന്നും മേജർ രവിയോട് ആരാധകർ പറയുന്നുണ്ട്.
അതേസമയം, എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളും പ്രചരണങ്ങളും തുടരുകയും, സിനിമ റീഎഡിറ്റിന് വിധേയമാവുകയും ചെയ്തിട്ടും എമ്ബുരാന്‍ തിയേറ്ററുകളില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയെന്ന് ചൂണ്ടികാണിക്കുകയാണ് നിരവധി പേര്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി, ആദായ നികുതി വകുപ്പ് എന്നിവയുടെ ഭാഗത്ത് നിന്നും എമ്പുരാന്റെ അണിയറപ്രവര്‍ത്തകരായ ഗോകുലം ഗോപാലന്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. വിഷു റിലീസുകള്‍ വന്നാലും എമ്പുരാന്റെ ബോക്‌സ് ഓഫീസ് തേരോട്ടം മന്ദഗതിയിലാകില്ല എന്നാണ് ട്രാക്കേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.