-->
തിരുവനന്തപുരം: കേരളത്തിലെ കേന്ദ്രസ്ഥാപനമേധാവികളുടെ അസാധാരണയോഗം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. 11-ന് വൈകിട്ട് നാലിനു രാജ്ഭവനിലാണു യോഗം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ മുഴുവന്‍ വകുപ്പുമേധാവികള്‍ക്കും ക്ഷണമുണ്ട്.
ചായസത്കാരത്തിന് എത്തണമെന്നാണു രാജ്ഭവനില്‍നിന്നുള്ള നിര്‍ദേശം. കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡി, ഐ.ബി, എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരളത്തില്‍ മുമ്പൊരു ഗവര്‍ണറും ഇത്തരം യോഗം വിളിച്ചുചേര്‍ത്തിട്ടില്ല.
സ്വര്‍ണക്കടത്ത് കേസ് കത്തിനില്‍ക്കേ കേന്ദ്ര ഏജന്‍സികളും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങളും തമ്മില്‍ നിരന്തരം ഏറ്റമുട്ടലുണ്ടായിരുന്നു.
മുന്‍ഗാമിയായ ആരിഫ് മുഹമ്മദ് ഖാനില്‍നിന്നു വ്യത്യസ്തമായി, മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരുമായി യോജിച്ചാണു നിലവില്‍ ഗവര്‍ണര്‍ ആര്‍ലേക്കര്‍ മുന്നോട്ടുപോകുന്നത്. അടുത്തിടെ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്കു ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഗവര്‍ണര്‍ വിരുന്നൊരുക്കിയിരുന്നു.
പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമൊത്ത് പ്രഭാതഭക്ഷണവും കഴിച്ചു. ഇതെല്ലാം നയതന്ത്ര ഗവര്‍ണറെന്ന വിശേഷണം ആര്‍ലേക്കര്‍ക്കു നല്‍കി. അതിനിടെയാണ് ഇപ്പോഴത്തെ അസാധാരണനീക്കം.