-->
തിരുവനന്തപുരം: സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് മുറുകുന്നതിനിടയില്‍ രാജ്ഭവനില്‍ നടക്കുന്ന മാസിക പ്രകാശനത്തിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം. രാജ്ഭവന്‍ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസികയായ 'രാജഹംസ'ത്തിന്റെ പ്രകാശന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം. ശശി തരൂര്‍ എംപിക്ക് പുസ്തകം നല്‍കി മുഖ്യമന്ത്രി ത്രൈമാസ മാസിക പ്രകാശനം ചെയ്യും.
പ്രതിപക്ഷ നേതാവിന് ക്ഷണം ഉണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ നിയമനം അടക്കം സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരിക്കുന്നത്.
നേരത്തേ സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ സമാപന ചടങ്ങിലേക്ക് സര്‍ക്കാര്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. ഇതോടെ മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ഗവര്‍ണറെ നേരിട്ടെത്തി ക്ഷണിച്ചു. ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. താല്‍ക്കാലികമായി ഇത് മഞ്ഞുരുകാന്‍ കാരണമായെങ്കിലും ഇരു കൂട്ടരും കടുംപിടുത്തം തുടരുന്ന സാഹചര്യമാണ് ഉള്ളത്.
രാജ്ഭവനിലെ ഒരു പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതോടെയായിരുന്നു സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആദ്യം ഉടക്കിയത്. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരള സര്‍വകലാശാലയിലെ പരിപാടിയിലും ഗവര്‍ണര്‍ ഇതേ ചിത്രം ഉപയോഗിച്ചു. ഇതിന് പിന്നാലെയാണ് വൈസ് ചാന്‍സലര്‍ നിയമനം, ബില്ലുകള്‍ ഒപ്പിടുന്നതിലെ കാലതാമസം വിഷയങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.