-->
മധുര: പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയെന്നതു സംഘടനാപരമായിട്ടുള്ള വലിയ വെല്ലുവിളിയാണെന്നും കൂട്ടായി ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും എം.എ. ബേബി. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്.
സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രചാരണം പിണറായി വിജയന്‍ തന്നെ നയിക്കും. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും.'-മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി എം.എ. ബേബി പറഞ്ഞു. രാജ്യം അനുഭവിക്കുന്ന വെല്ലുവിളികളാണ് പാര്‍ട്ടിയുടെയും വെല്ലുവിളികള്‍.
രാജ്യത്ത് 80,000 ത്തിലധികം പാര്‍ട്ടി ബ്രാഞ്ചുകളുണ്ട്. കൂടാതെ ഇന്റര്‍മീഡിയേറ്ററി കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റികളെല്ലാം സജീവമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും.
സംഘടനാപരമായ ഒരു പുനഃശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇടപ്പെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനു പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കമ്മിറ്റിയിലേക്കു തെരഞ്ഞെടുപ്പ് നടന്നത് ജനാധിപത്യ അവകാശം അനുവദിച്ചുകൊടുക്കുന്നതിന്റെ ഭാഗമാണ്. കേന്ദ്രകമ്മിറ്റി പാനല്‍ പൂര്‍ണമായിട്ട് അംഗീകരിക്കപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്റെ ഓര്‍മ്മയില്‍ ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.-എം.എ. ബേബി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റെന്ന നിലയിലാണ് പി.കെ ശ്രീമതിക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.