-->
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരമാണ് അക്ഷയ് കുമാര്‍. പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിലെ സ്ഥിരം നായകനായി എത്തുന്ന താരത്തിനെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത് അക്കി എന്നാണ്. ബോളിവുഡ് ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച കോമഡി ടൈമിംഗിലൂടെ ആരാധകരെ അമ്പരിപ്പിച്ച താരത്തിന് ലോകത്തെമ്പാടും വലിയ ആരാധകവൃന്ദം തന്നെയുണ്ട്.
താരത്തിന്റെ കരിയര്‍ ഗ്രാഫ് എപ്പോഴും ഉയര്‍ച്ച താഴ്ചകളിലൂടെയാണ്. വന്‍ വിജയങ്ങള്‍ നേടിയ കുറെയധികം ചിത്രങ്ങള്‍ക്ക് ശേഷം വലിയ പരാജയങ്ങള്‍ താരം നേരിട്ടിട്ടുണ്ട്. പക്ഷേ ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ് ചിത്രങ്ങളുടെ ഉടമയെന്ന റെക്കോർഡ് അക്ഷയ് കുമാറിന് മാത്രം അവകാശപ്പെടാനുള്ളതാണ്.
അടുത്ത കാലത്തായി വീണ്ടും അത്തരമൊരു അവസ്ഥ നേരിടുകയാണ് താരം. തന്റെ കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നിലൂടെയാണ് കടന്നുപോവുന്നതും. റീമേക്കുകൾ മാത്രം ചെയ്‌ത് ഫീൽഡ് ഔട്ടായെന്ന് വരെ വിമർശകർ കളിയാക്കുന്നുണ്ട്. എന്നാല്‍ കേസരി 2 എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ് അക്കി. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ എത്തിയിരുന്നു. ടീസറിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അക്ഷയ് യുടെ സെൻസർ ചെയ്യാത്ത അസഭ്യവാക്കുകളാണ്.
ഇപ്പോഴിതാ കേസരി 2 ന്റെ ട്രെയിലർ ലോഞ്ചിൽ, നടൻ ‘എഫ്’അക്ഷരമുപയോഗിച്ചുള്ള അസഭ്യ വാക്ക് ഉപയോഗിച്ചതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ അക്ഷയ് പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘‘അതെ, ഞാൻ ഈ വാക്ക് ഉപയോഗിച്ചു. നിങ്ങൾ ഇത് ശ്രദ്ധിച്ചത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു, പക്ഷേ ‘നീ ഇപ്പോഴും ഒരു അടിമയാണ്’ എന്ന വാചകം നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയില്ല. അത് നിങ്ങൾക്ക് വലിയൊരു ഗാലി ആയിരുന്നില്ലേ? അതിനേക്കാൾ അപമാനകരമായി മറ്റൊന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ‘‘‘എഫ് യു’ എന്ന് ഞാന്‍ പറഞ്ഞതിനെപ്പറ്റി ചോദിക്കുന്നതിന് പകരം ‘അടിമ’ എന്ന വാക്ക് ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. അത്തരമൊരു സമയത്ത്, അവർ അവനെ വെടിവച്ചാലും, അവൻ ഇപ്പോഴും ചെറുതാകുമായിരുന്നു...’’ അക്ഷയ് കുമാര്‍ അല്‍പ്പം രോഷത്തോടെ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പ്രമേയമാകുന്നതാണ് ഈ സിനിമ. കേസരി 2: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ് ആണ് ശങ്കരൻ നായരുടെ വേഷത്തിലെത്തുന്നത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയുമുള്ള സി ശങ്കരൻ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയാകുന്നത്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി.ശങ്കരൻ നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേർന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.
തിരക്കഥാകൃത്തും നിർമാതാവുമായ കരൺസിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഏപ്രിൽ 18ന് തിയറ്ററുകളിലെത്തും. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലംസ്, ലിയോ മീഡിയ കലക്ടീവ് പ്രസന്റ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമയുടെ നിർമാണം.