Thursday, March 12, 2026 Last Updated 36 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 10.51 AM

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നു, ആശങ്കയൊഴിഞ്ഞു മുനമ്പം ആശ്വാസതീരത്ത് ; റവന്യു അവകാശം തിരികെകിട്ടും വരെ സമരം

uploads/news/2025/04/773982/munambam-strike.jpg

കൊച്ചി : രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച മുനമ്പം ഭൂസമരം വിജയത്തില്‍. വഖഫ് ഭേദഗതി ബില്‍ ലോക്‌സഭ കടന്നതോടെയാണു മുനമ്പത്തിന്റെ ആശങ്ക അകന്നത്. ഭേദഗതി ബില്ലില്‍ പൂര്‍ണമായി വിശ്വസിക്കുകയാണെന്നും അതില്‍ മുനമ്പം ജനത ആഹ്‌ളാദത്തിലാണെന്നും സമരസമിതി അറിയിച്ചു. ഇനി മുനമ്പം ഭൂമിയില്‍ വഖഫിന് യാതൊരു വിധ അവകാശവും ഇല്ലെന്നും ഭൂസമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.

ബില്‍ രാജ്യസഭയില്‍ പാസാകുന്നതോടെ മുനമ്പം ജനതയ്ക്ക് അവരുടെ മണ്ണ് നഷ്ടപ്പെടുകയില്ലെന്ന് ഉറപ്പായി. ഇനി ഭൂമിയില്‍ മേലുള്ള റവന്യു അവകാശങ്ങള്‍ തിരികെക്കിട്ടുന്നതുവരെ സമരം തുടരും. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുകയാണ് വേണ്ടതെന്നും സമരസമിതി ആവശ്യപ്പെട്ടു. അതുവരെ സമരപ്പന്തലില്‍ നിരാഹാരം സമരം തുടരും. മുനമ്പം ഒരു നിയമപ്രശ്‌നമാണെന്നും അതില്‍ വര്‍ഗീയത കലര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നുമാണ് മുനമ്പം സമരക്കാര്‍ പറയുന്നത്. ഒരു നിയമം കൊണ്ട് തങ്ങളുടെ ജീവിതമാകെ മാറി മറിഞ്ഞുപോയിരുന്നു. മോദി സര്‍ക്കാര്‍ മറ്റൊരു നിയമത്തിലൂടെ അത് തിരുത്തിയെന്നും ആ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു.

സമരം വിജയിച്ചതില്‍ മുനമ്പത്ത് സമരക്കാര്‍ ഇന്നലെ ആഹ്‌ളാദപ്രകടനം നടത്തി. അറുന്നൂറ്റിപത്തോളം കുടുംബങ്ങളിലെ ആയിരത്തിഎണ്ണൂറോളം പേരാണ് മുനമ്പം ഭൂമിയില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിട്ടിരുന്നത്. 2022 ജനുവരി 13 ന് കരം അടയ്ക്കാന്‍ പറ്റാതെ വന്നപ്പോഴാണ് മുനമ്പത്തുകാര്‍ അപകടമുനമ്പിലാണെന്ന് മനസിലായത്. മുനമ്പം ഭൂമിയില്‍ വഖഫിന്റെ അവകാശവാദം ഉന്നയിച്ച് ബോര്‍ഡ് നോട്ടീസ് ഇറക്കിയതായിരുന്നു അവരുടെ സമാധാന ജീവിതത്തില്‍ തീകോരിയിട്ടത്.

ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ട് കരം അടയ്ക്കാന്‍ സംവിധാനമുണ്ടാക്കിയെങ്കിലും ഭൂമിയിലെ അവകാശത്തര്‍ക്കം അനന്തമായി നീണ്ടുപോകുകയായിരുന്നു. എല്ലാ തര്‍ക്കങ്ങളും തീര്‍ന്ന് തങ്ങളുടെ സ്വന്തം ഭൂമി സ്വതന്ത്രമാകണമെന്നും അതില്‍ സര്‍വസ്വാതന്ത്ര്യത്തോടെ കഴിയണമെന്നുമുള്ള മുനമ്പം നിവാസികളുടെ ചിരകാല അഭിലാഷമാണ് ബില്‍ പാസയോടെ സഫലമാകുന്നത്. 2024 ഒക്‌ടോബര്‍ 24 ന് ആണ് വൈപ്പിന്‍ വേളാങ്കണ്ണി പള്ളിക്കു മുന്നില്‍ മുനമ്പം നിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

പിന്നീട് മുനമ്പം ഭൂമി വിഷയം സംസ്ഥാനതലം വിട്ട് ദേശീയ ശ്രദ്ധയിലേക്ക് എത്തി. മതമേലധ്യക്ഷന്‍മാരും വിവിധ രാഷ്ട്രീയ കക്ഷികളും സമരപ്പന്തലില്‍ നിത്യസാന്നിധ്യമായതോടെ സമരം ശ്രദ്ധയാകര്‍ഷിച്ചു. എല്ലാം നഷ്ടമായി കുടിയൊഴിഞ്ഞുപോകേണ്ടിവരുമോ എന്ന ആശങ്കയും ഉയര്‍ന്നു. ഇതിനിടെ ക്രൈസ്തവ സഭകള്‍ സമരമുഖത്ത് ഒന്നിച്ച് അണിനിരന്നതോടെ വിഷയം മറ്റൊരു തലത്തിലേക്ക് എത്തി. കേരളത്തിലെ എം.പിമാര്‍ ബില്ലിനെ പിന്തുണച്ച് അതുവഴി മുനമ്പത്തെ രക്ഷിക്കണമെന്ന് കെ.സി.ബി.സി. അടക്കമുളള സംഘടനകള്‍ ആവശ്യമുന്നയിച്ച് രംഗത്തുവന്നതോടെ കേരളത്തിലെ ഇടതു വലതുപക്ഷ എം.പിമാര്‍ വെട്ടിലായി. ബി.ജെ.പിയാകട്ടെ സമരത്തിന് വിട്ടുവീഴ്ചയില്ലാത്ത പിന്തുണയും നല്‍കി.

സംസ്ഥാനത്ത് മുനമ്പം സമരക്കാരുടെ പക്ഷത്ത് നിലയുറപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇടതു വലത് എം.പിമാര്‍ക്ക് പക്ഷേ, പാര്‍ലമെന്റില്‍ ബില്ലിനെ അനുകൂലിക്കാന്‍ സാധിക്കാതെ പോയതില്‍ മുനമ്പം സമരക്കാരില്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. എം.പിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കും സമരക്കാര്‍ ഇട്ടിട്ടുണ്ട്. തങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചത് സുരേഷ് ഗോപി എം.പി മാത്രമാണെന്ന് സമരക്കാര്‍ പന്തലില്‍ കുറിച്ചിട്ടുണ്ട്.

മുനമ്പത്തെ 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി പരിഹരിക്കണം എന്ന് ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി തലമുറകള്‍ താമസിച്ച് വന്ന മണ്ണ് ഒരു സുപ്രഭാതത്തില്‍ നഷ്ട്ടപ്പെട്ടാല്‍ സാധാരണ മത്സ്യത്തൊഴിലാളികളായ 610 കുടുംബങ്ങള്‍ വഴിയാധാരമാകും. ട്രിബ്യൂണലും സര്‍ക്കാരുകളും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും നീതിക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന വരാകണം എന്നു കൂടി അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW