Sunday, March 15, 2026 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 02.03 PM

‘‘സൗഹൃദത്തെ വിലമതിക്കുന്ന ആളാണ് ലാല്‍, ആരെയും പിണക്കില്ല;അർപ്പണ ബോധമാണ് ആന്റണിയെ എന്റെ ലാല്‍ജിയുമായി അടുപ്പിച്ചത്...’’ പൂജപ്പുര രാധാകൃഷ്ണന്‍

മോഹന്‍ലാലിന്റെ സമകാലീകനായ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ഇപ്പോഴും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമായി നില്‍ക്കുന്ന പൂജപ്പുര രാധാകൃഷ്ണന്‍, മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും ലാലിന്റെ സ്വഭാവത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.
Mohanlal, Poojappura Radhakrishnan
Poojappura Radhakrishnan about Mohanlal (Image source: Youtube)

മലയാള സിനിമയിലെ താരരാജാവെന്ന് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരാളേ​യുള്ളൂ, മോഹന്‍ലാല്‍. താരത്തിന് മലയാള സിനിമയ്കകത്തും പുറത്തും വലി​യൊരു സൗഹൃദവലയം തന്നെയുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഒരുപാട് അഭിനേതാക്കളുണ്ട്. അവരില്‍ മിക്കവരും മോഹന്‍ലാലി​നൊപ്പമുള്ള ചെറിയ രംഗങ്ങള്‍ പോലും വലിയൊരു സ്വപ്ന സാക്ഷാത്കാരമായി മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്. മറ്റു ചിലരാണെങ്കില്‍ ലാലിനൊപ്പമുള്ള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ്.
അത്തരത്തില്‍ ​മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ സമകാലികന്‍ ആയിരുന്ന ഒരാളാണ് പൂജപ്പുര രാധാകൃഷ്ണന്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചിരുന്ന രാധാകൃഷ്ണന്‍, ശ്രീകുമാരൻ തമ്പിയുടെ മിക്ക സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് വിഖ്യാത ചലച്ചിത്രകാരൻ പദ്‌മരാജന്റെ സിനിമകളിലെയും നിറസാന്നിധ്യമായി പൂജപ്പുര രാധാകൃഷ്‌ണൻ മാറി. നിലവില്‍ സിനിമകളിലും സീരിയലുകളിലും ഒക്കെയായി സജീവമാണ് താരം.
ഇപ്പോഴിതാ മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ചും താരത്തിന്റെ പ്രത്യേകതകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് പൂജപ്പുര രാധാകൃഷ്ണന്‍. ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിച്ച ഇവർ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. മോഹന്‍ലാലിനെക്കുറിച്ച് മാത്രമല്ല താരത്തിന്റെ സന്തസഹചാരിയും അനുയായിയുമായ ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നുണ്ട്.
‘‘മോഹൻലാല്‍ ആരോടും പിണങ്ങാത്ത ആളാണ്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഇപ്പോഴും ആളുകളുമായി ഇടപഴകുന്നതില്‍ മറ്റ് താരങ്ങളേക്കാള്‍ എത്രയോ മുകളിലാണ് ലാല്‍.
മോഹൻലാലിനോട് വേഷം ചോദിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം അടുത്ത പടത്തില്‍ ആ ക്യാരക്‌ടർ എങ്ങനെ ചെയ്യാം എന്നൊക്കെ ആലോചിച്ചോണ്ട് ഇരിക്കുമ്പോള്‍ നമ്മള്‍ ചെന്ന് എന്തിനാണ് ശല്യം ചെയ്യുന്നത്. ഇതൊന്നും ആലോചിക്കാതെ ഇതൊക്കെ നിയന്ത്രിക്കാനും കാശ് മുടക്കാനും ഒക്കെ ഇരിക്കുന്ന ആന്റണി ഉണ്ടല്ലോ. അദ്ദേഹത്തോട് സംസാരിച്ചാല്‍ മതിയല്ലോ. ആന്റണി വരുന്ന കാലം തൊട്ട് അറിയാവുന്ന ആളാണ് ഞാൻ.
ഞാൻ പൂജപ്പുരക്കാരൻ അല്ലേ. അദ്ദേഹം ബസില്‍ യാത്ര ചെയ്‌തുകൊണ്ട്‌ ഇരിക്കുന്ന കാലത്ത് തന്നെ എനിക്കറിയാം. അർപ്പണ ബോധമാണ് ആന്റണിയെ എന്റെ ലാല്‍ജിയുമായി അടുപ്പിച്ചത്. ആ സ്നേഹവും സംരക്ഷണവും ഒക്കെ അങ്ങനെയാണ്. പൂർണമായും അവരുമായിട്ട് എന്തെങ്കിലും താതാത്മ്യം പ്രാപിച്ചാല്‍ മാത്രമേ അതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുകയുള്ളു.
ഞാൻ ഇന്നും കെബി ഗണേഷ് കുമാറിനോടൊപ്പം നില്‍ക്കുന്നതിന്റെ കാരണവും അത് തന്നെയാണ്. അവരുടെ മനസറിഞ്ഞ് നമ്മള്‍ നില്‍ക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. പരമാവധി സമാധാനത്തിന് ഇടം കൊടുക്കുക, ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യം. അങ്ങനെ ചാൻസ് ആയിട്ട് നമ്മള്‍ ചോദിക്കാറൊന്നുമില്ല. കാണുമ്പോള്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്.
അമ്മയുടെയും ഒക്കെ മീറ്റിംഗിന് ഒക്കെ കാണുമ്പോള്‍ ചോദിക്കാറുണ്ട്. അവിടെ പരിഗണിക്കാൻ മോന്തായവും വച്ച്‌ എപ്പോഴും ഇരിക്കുന്നവരുണ്ട്. എനിക്ക് അർഹതയുള്ളത് എപ്പോഴായാലും കിട്ടും. ഇപ്പോഴും കാണുമ്പോള്‍ ഒക്കെ മോഹൻലാല്‍ വളരെ നല്ല പെരുമാറ്റമാണ്. അദ്ദേഹം മാത്രമേ എല്ലാവരുമായും ഇടപഴകുന്നതില്‍ ഇങ്ങനെ ചെയ്യുന്നുള്ളൂ.
മോഹൻലാല്‍ ആരെയും പിണക്കില്ല. അത് അദ്ദേഹത്തിന് മാത്രമുള്ള ഒരു സ്വഭാവമാണ്. ഇപ്പോഴും അത് അദ്ദേഹം നിലനിർത്തി പോരുന്നുണ്ട്. ഇപ്പോഴും ചെല്ലുമ്പോള്‍ കൈ തരികയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. അല്ലെങ്കില്‍ പിന്നെ നമ്മള്‍ പോവാറില്ല. അദ്ദേഹത്തിന്റെ ഫ്രണ്ട്സ് സർക്കിള്‍ ആണ് എല്ലാം, സൗഹൃദത്തെ വിലമതിക്കുന്ന ആളാണ് അദ്ദേഹം...’’ പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

Ads by Google
Thursday 03 Apr 2025 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW