-->
എമ്പുരാന്‍ എന്ന പേരുണ്ടാക്കിയ തരംഗം സോഷ്യല്‍ മീഡിയയിലും തിയേറ്ററുകളും ഓളം സൃഷ്ടിക്കുകയാണ്. വിവാദങ്ങളും ചര്‍ച്ചകളും സിനിമയെക്കുറിച്ചുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും പൃഥ്വിരാജും മോഹന്‍ലാലും നേരിടുന്ന സൈബര്‍ അറ്റാക്കുകളും ഒരു വശത്ത് നിറയുമ്പോള്‍ മറു വശത്ത് ചരിത്രം സൃഷ്ടിക്കുകയാണ് സിനിമ. റിലീസിനു മുമ്പു തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമ തിയേറ്ററിലെത്തി വെറും അഞ്ചു ദിവസം കൊണ്ട് 200 കോടി ക്ലബ്ബും കടന്ന് മുന്നേറുകയാണ്.
രാഷ്ട്രീയക്കാരും ചില പ്രേക്ഷകരും സിനിമയെ കടന്നാക്രമിക്കുമ്പോള്‍ സിനിമാലോകത്തുള്ള മിക്കയാളുകളും പൃഥ്വി ബ്രില്ല്യന്‍സിന് കൈയടി നല്‍കുന്നുണ്ട്. സിനിമ ഇറങ്ങും മുമ്പു തന്നെ അഭിനയിക്കുന്ന താരങ്ങളെ ഓരോരുത്തരെയായി പൃഥ്വിയും അണിയറപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചിലരെയൊക്കെ ഒരു സര്‍പ്രൈസ് എലമന്റായി നിര്‍ത്തിയിരുന്നു പൃഥ്വി.
ഇപ്പോഴിതാ അക്കൂട്ടത്തിലെ ഒരു ഗ്രാന്റ് സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ് താരം. എമ്പുരാനില്‍ മോഹൻലാല്‍ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത്പ്രണവ് മോഹൻലാല്‍ ആണെന്നാണ് പൃഥ്വി പങ്കിട്ടത്. നീട്ടിവളർത്തിയ മുടിയും തീക്ഷ്ണമായ കണ്ണുകളും ചോരപുരണ്ട മുഖവുമായി നില്‍ക്കുന്ന പ്രണവ് മോഹൻലാലാണ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. ‘‘സ്റ്റീഫനായി പ്രണവ് മോഹൻലാല്‍...’’ എന്ന ക്യാപ്ഷനൊപ്പം പങ്കിട്ട കുറിപ്പില്‍ ‘എല്‍2 ഇ’ എമ്പുരാന്‍’ എന്നീ ഹാഷ് ടാഗുകളുമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മറ്റ് അണിയറപ്രവര്‍ത്തകരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ സസ്പെൻസ് അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം അണിയറപ്രവർത്തകരോ പൃഥ്വിരാജോ റിലീസിനു മുൻപ് പുറത്തുവിട്ടിരുന്നില്ല.
അഞ്ചാമത്തെ വയസില്‍ ഫാദർ നെടുമ്പള്ളിയുടെ അരികില്‍ നിന്നും കാണാതായ സ്റ്റീഫൻ നെടുമ്പള്ളി, പിന്നീടുള്ള 26 വർഷങ്ങള്‍ എവിടെയായിരുന്നു എന്ന ചോദ്യം എമ്പുരാന്റെ പ്രീ സീക്വല്‍ ലൂസിഫറില്‍ ചോദിച്ചിരുന്നു. സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു അത്. ഫാസില്‍ അവതരിപ്പിച്ച നെടുമ്പള്ളി അച്ഛന്റെ ഡയലോഗിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരക്കഥാകൃത്ത് ഇക്കാര്യം കമ്യൂണിക്കേറ്റ് ചെയ്തത്.
അതിനുള്ള ഉത്തരമാണ് എമ്പുരാനില്‍ ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫന്റെ രൂപത്തില്‍ പ്രണവ് മോഹൻലാല്‍ എത്തുന്നത്.
രണ്ടാം ഭാഗത്ത് പ്രണവിന്റെ മുഖം കണ്ടതോടെ ആർക്കുമറിയാത്ത സ്റ്റീഫന്റെ ഭൂതകാലത്തിലേക്കുള്ള വാതില്‍ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രം ലൂസിഫർ ഫ്രാഞ്ചൈസിലെ അടുത്ത ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
പ്രണവ് ചിത്രത്തില്‍ ഉണ്ട് എന്ന കാര്യം എമ്പുരാന്‍ ആദ്യ ദിന പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ചിത്രത്തിലെ പ്രതിനായകന്‍ ആരാണെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇത്തരമൊരു സാന്നിധ്യത്തെക്കുറിച്ച് റിലീസിന് മുന്‍പ് സിനിമാപ്രേമികള്‍ ഭാവന ചെയ്തിരുന്നില്ല.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്.ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രമാണ്.
സിനിമയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ മുറുകിയപ്പോള്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ താന്‍ കാരണം ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുവെന്ന് കുറിച്ചിരുന്നു. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
സിനിമ എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ കൂട്ടായി തീരുമാനിക്കുകയും ചെയ്തു. നിലവില്‍ എമ്പുരാനില്‍ 24 വെട്ടുകള്‍ വരുത്തിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ പുറത്തുവന്ന റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ പ്രകാരം അതില്‍ കൂടുതല്‍ രംഗങ്ങള്‍ റീ എഡിറ്റിന് വിധേയമായിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നതടക്കമാണ് രംഗങ്ങള്‍ മാറ്റിയത്.