Wednesday, March 11, 2026 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 08.34 AM

യുവാവിന്റെ നിരന്തരശലം ദുരന്തത്തിലെത്തി ; പിതാവും അയല്‍വാസിയും ഏറ്റുമുട്ടി, ഒമ്പതാംക്ലാസ്സുകാരി ആറ്റില്‍ ചാടി ; മുങ്ങിമരിച്ചു

uploads/news/2025/04/773505/avani.jpg

പത്തനംതിട്ട: ഉത്സവം കണ്ടു മടങ്ങുന്ന വഴി പിതാവും സഹോദരങ്ങളും അയല്‍വാസിയായ യുവാവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ട് പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റില്‍ ചാടിയ 14 വയസുകാരി മുങ്ങി മരിച്ചു. അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അഴൂര്‍ വടക്കേ പഴന്തറ വീട്ടില്‍ പ്രകാശിന്റെ മകള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആവണി പ്രകാശ് ആണ് മരിച്ചത്.

അഴൂര്‍ തെക്കേതില്‍ വലിയ വീട്ടില്‍ ശരത്തി(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരത്ത് നേരത്തേയും പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാണ് പിതാവ് പ്രകാശ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പോലീസും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്ന് പറഞ്ഞു തീര്‍ത്തതാണ്. 31 ന് രാത്രി 8.45 നാണ് സംഭവം. പിതാവ് പ്രകാശ്, മാതാവ് ബീന, സഹോദരന്‍ അശ്വിന്‍, പ്രകാശിന്റെ സഹോദര പുത്രന്‍ അനു എന്നിവര്‍ക്കൊപ്പം ആവണി രാത്രി ഏഴിന് വലഞ്ചുഴി ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു.

ഉത്സവം കണ്ട് മടങ്ങും വഴി വലഞ്ചുഴി താല്‍ക്കാലിക പാലത്തില്‍വച്ചാണ് സംഘട്ടനമുണ്ടായത്. കേസില്‍ ശരത്തിനെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. പ്രകാശ് ശരത്തിനെ മര്‍ദിച്ചെന്നാണ് പോലീസ് ഭാഷ്യം. പിതാവിനെ ശരത് അടിച്ചതിലുള്ള മനോവിഷമത്താല്‍ പെണ്‍കുട്ടി മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആറ്റില്‍ ചാടിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആര്‍. യുവാവിനെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

ശരത്തിനെ കണ്ടപ്പോള്‍ പ്രകാശ് ആണ് ആദ്യം മര്‍ദിച്ചതെന്നു പോലീസ് പറയുന്നു. ശരത്തും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് പ്രകാശിനെയും ആവണിയുടെ സഹോദരങ്ങളായ അശ്വിനെയും അനുവിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു. ആവണിയുടെ പേര് പറഞ്ഞായിരുന്നു സംഘട്ടനം.

തുടര്‍ന്ന് ആവണിക്ക് നേരേ ശരത് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടി അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി. ശരത്തും കല്ലറക്കടവ് സ്വദേശിയായ പ്രവീണും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. പ്രകാശിന്റെ പരാതിയില്‍ ശരത്തിനെ ഉടന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവം വിവാദമായതോടെ നിയമോപദേശം അനുസരിച്ച് നീങ്ങാനാണ് പോലീസിന്റെ നീക്കം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW