-->
കോട്ടയം: വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കേ, വെട്ടിലായതു കേരളത്തില്‍നിന്നുള്ള യു.ഡി.എഫ്. എം.പിമാര്‍. ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം. എന്നാല്‍, ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയും (കെ.സി.ബി.സി) കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സി.ബി.സി.ഐ) പരസ്യമായി രംഗത്തുവന്നതാണു യു.ഡി.എഫിനെ ത്രിശങ്കുവിലാക്കിയത്.
യു.ഡി.എഫിലെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് വഖഫ് ബില്ലിനെ എതിര്‍ക്കുമ്പോള്‍, മുന്നണിയുടെ കെട്ടുറപ്പ് മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് അതവഗണിക്കാനാവില്ല. എന്നാല്‍, യു.ഡി.എഫിനോട് എക്കാലവും അനുഭാവമുള്ള ക്രൈസ്തവ വിഭാഗത്തെ പിണക്കാനുമാവില്ല. ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മാവട്ടെ യു.ഡി.എഫിന്റെ രാഷ്ട്രീയപ്രതിസന്ധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്.
വഖഫ് ബില്ലിനെ പിന്തുണച്ച് കെ.സി.ബി.സിയും സി.ബി.സി.ഐയും രംഗത്തുവന്നത് ബി.ജെ.പി. നേതൃത്വത്തിനു കൂടുതല്‍ കരുത്തായി. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ബില്ലിനെ പിന്തുണയ്ക്കണമെന്ന കെ.സി.ബി.സിയുടെ ആവശ്യത്തെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും കിരണ്‍ റിജിജുവും സ്വാഗതം ചെയ്തതു ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള പ്രധാനകാരണം മുനമ്പം ഭൂമിവിഷയമാണ്. ബില്‍ നിയമമാകുന്നതോടെ മുനമ്പം വിഷയത്തിനു ശാശ്വതപരിഹാരമാകുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ ക്രൈസ്തവരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടാമെന്നു ബി.ജെ.പി. കണക്കുകൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫ്. ദുര്‍ബലമാകുമെന്നും അതിന്റെ സ്വഭാവികനേട്ടം കൊയ്യാമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
* മധുരയില്‍നിന്ന് ഡല്‍ഹിക്ക് സി.പി.എം. എം.പിമാര്‍
സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കുമ്പോള്‍തന്നെയാണു വഖഫ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്നു വ്യക്തമാക്കി സി.പി.എം. എം.പിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്കു കത്ത് നല്‍കിയിരുന്നു. ബില്ലിനെ സി.പി.എം. എതിര്‍ക്കുന്നതായും സ്പീക്കറെ അറിയിച്ചു.
എന്നാല്‍, ഇന്നലെ വൈകിട്ട് സി.പി.എം. ഇക്കാര്യത്തില്‍ തീരുമാനം മാറ്റി. വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എം.പിമാര്‍ക്കു പാര്‍ട്ടി നേതൃത്വം നിര്‍ദേശംനല്‍കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ എം.പിമാര്‍ ഇതോടെ ഡല്‍ഹിക്കു മടങ്ങി. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് എം.പിമാരോട് സി.പി.എം. നിര്‍ദേശിച്ചിരിക്കുന്നത്.