-->
മലയാളികളുടെ വികാരമാണ് മമ്മൂട്ടി. താരത്തിനെക്കുറിച്ചുള്ള എന്ത് വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. താരത്തിന് കുടലില്‍ അര്‍ബുദമാണെന്നും റേഡിയേഷനിലാണെന്നും വാര്‍ത്തകള്‍ പരന്നു.
എന്നാല്‍ താരത്തിന്റെ പേഴ്സണല്‍ മേക്കപ്പ്മാന്‍ ജോര്‍ജ്ജ്, മമ്മൂട്ടിയുടെ ഒരു കാന്‍ഡിഡ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെ ആരാധകര്‍ക്ക് ആശ്വാസമായി. പിന്നീട് സഹോദരതുല്യനായ മോഹന്‍ലാലിന്റെ ‘എമ്പുരാന്‍’ സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ പങ്കിട്ടതോടെ ആരാധകര്‍ തങ്ങളുടെ സൂപ്പര്‍സ്റ്റാര്‍ തിരികെയെത്തിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ നിറച്ചു.
ഇപ്പോഴിതാ അതിനു പിന്നാലെ തന്റെ സഹതാരങ്ങള്‍ക്കൊപ്പം വിശ്രമവേള ആനന്ദകരമാക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. എഎംഎംഎയുടെ ‘അമ്മ മെഹ്ഫില്‍’ എന്ന അഭിമുഖത്തിന്റെ വീഡിയോയാണിത്. പഴയ പാട്ടുകളെക്കുറിച്ച് സംസാരിച്ചും, പാട്ടുകള്‍ പാടിയും മമ്മൂട്ടിയുള്‍പ്പെടെയുള്ളവർ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം അഭിമുഖ സംഭാഷണത്തില്‍ ജഗദീഷ്, ജയൻ ചേർത്തല, സിദ്ധിഖ്, രമേഷ് പിഷാരടി, ബാബുരാജ് എന്നിവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങാകുകയാണ് ഈ വീഡിയോ. പഴയ സിനിമകളിലെ ഒരുപാട് പാട്ടുകള്‍ ഇവര്‍ ആസ്വദിച്ച് പാടുന്നുണ്ട്. ‘മലമൂട്ടില്‍ നിന്നൊരു മാപ്പിള, മാലാഖ പോലൊരു പെമ്പിള, ഇളം കാറ്റടിച്ചനേരം അവര്‍ മുളംകാട്ടില്‍ വച്ച് കണ്ടു..., ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും തെന്നലേ തെന്നലേ, വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന മണിവീണക്കമ്പികളേ....’ എന്നതടക്കമുള്ള പാട്ടുകള്‍ മമ്മൂട്ടി ഇവര്‍ക്കൊപ്പം ആസ്വദിച്ച് പാടുന്നത് ദൃശ്യങ്ങളില്‍ കാണാം.
മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ക്കിടെ വന്ന വീഡിയോയതു കൊണ്ടു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയാണിത്. ‘മമ്മൂട്ടിയെ കണ്ടപ്പോള്‍ തന്നെ ഒരു സന്തോഷം, ഇക്കായെ കണ്ടിട്ട് എത്ര ദിവസം ആയി, മമ്മൂക്കാനെ ഇങ്ങനെ കണ്ടിരിക്കാൻ എന്ത് ഭംഗിയാണ്...’ എന്നിങ്ങനെ സ്നേഹം കൊണ്ടു നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
ഏപ്രില്‍ 10 ന് തിയേറ്ററുകളിലെത്തുന്ന ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ഈ സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.