Friday, March 13, 2026 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 04.32 PM

‘‘പെണ്ണിന്റെ ശത്രു പെണ്ണാണ്; ഉയര്‍ച്ചയുണ്ടാകുന്നത് ഇഷ്ടപ്പെടില്ല; അവസരങ്ങള്‍ നഷ്ടപ്പെടുത്തി, മോശം പറഞ്ഞ് ​ദ്രോഹിച്ചതും സുഹൃത്തുക്കളാണ്...’’ അമൃത നായര്‍

uploads/news/2025/03/772636/Untitled-6.jpg
Amrutha Nair (Image Source: Youtube)

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് അമൃത നായര്‍. സീരിയല്‍ നടിയും സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറുമായ അമൃത കുടുംബവിളക്ക് പരമ്പരയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടത്. വിവിധ ടെലിവിഷന്‍ ഷോകളിലും അമൃത തിളങ്ങിയിട്ടുണ്ട്. വ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും സജീവമാണ് താരം. എല്ലാ വലിയ കാര്യങ്ങളും ചെറിയ സന്തോഷങ്ങളുമടക്കം അമൃത അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സഹപ്രവർത്തകരായ സുഹൃത്തുക്കളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറയുകയാണ് അമൃത. ഒരിക്കലും പ്രതീക്ഷിക്കാത്തവർ പോലും തന്നെക്കുറിച്ച്‌ മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഒരു സമയത്ത് സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അമൃത തുറന്നുപറഞ്ഞു.
‘‘ഓഡീഷൻ കഴിഞ്ഞാണ് അഭിനയ രംഗത്തേക്കെത്തിയത്. ഷൂട്ടിംഗിനെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. ഒരു സീൻ എടുക്കുന്ന സമയത്ത് ഞാൻ ചിരിച്ചുപോയി. വലിയ താരങ്ങളൊക്കെ ഉണ്ടായിരുന്നു. അവരുടെ മുൻപില്‍ വച്ച്‌ അസോസിയേറ്റിലെ ഒരാള്‍ വലിയ രീതിയില്‍ വഴക്ക് പറഞ്ഞു. മോശം വാക്കുപയോഗിച്ചാണ് വഴക്ക് പറഞ്ഞത്. ഭംഗിയില്ലെന്ന് പറഞ്ഞ് അഭിനയിക്കാൻ കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
പഠിക്കുന്ന സമയത്ത് അധികം സുഹൃത്തുക്കളില്ലായിരുന്നു. അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിരുന്നു. എല്ലാവരും പെണ്‍കുട്ടികളായിരുന്നു. പിന്നീട് അത് ചുരുങ്ങി. എന്റെ അനുഭവം വച്ച്‌ പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്. കൂടെ നില്‍ക്കുന്ന വ്യക്തിക്ക് ഉയർച്ച ഉണ്ടാകുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഒരുപാട് ദ്രോഹിച്ചിട്ടുളളത്. എനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതും എന്നെക്കുറിച്ച്‌ മോശം കാര്യങ്ങള്‍ പറയുന്നതും അവർ തന്നെയാണ്. അതൊന്നും ഞാൻ ഗൗരവത്തില്‍ എടുക്കുന്നില്ല. അവരോടൊപ്പം ഞാൻ വീണ്ടും അഭിനയിച്ചിട്ടുണ്ട്.
എന്റെ അമ്മ ഒറ്റയ്ക്കാണ് എന്നെയും സഹോദരനെയും വളർത്തിയത്. അമ്മ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും. പക്ഷെ അവരെ തളർത്തുന്നത് സമൂഹം തന്നെയാണ്. അടുത്തിടെ ഒരു അമ്മയും രണ്ട് മക്കളും ട്രെയിനിന് മുൻപില്‍ ചാടി ആത്മഹത്യ ചെയ്തില്ലേ? ഒരിക്കല്‍ എന്റെ അമ്മയും റെയില്‍വേ ട്രാക്കിന്റെ മുന്നില്‍ എത്തിയപ്പോള്‍ അങ്ങനെ ചെയ്യാമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വന്നിട്ടും ആരും സഹായിച്ചിട്ടില്ല. ഒരു കാറില്ലാത്തതിന്റെ പേരില്‍ പല പരിപാടികളിലും പങ്കെടുത്തിട്ടില്ല. സുഹൃത്തുക്കളോട് ലിഫ്റ്റ് ചോദിച്ചിട്ടും തരാത്തവരുണ്ട്...’’ അമൃത പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അമൃത ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW