-->
കുട്ടികളുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവരാണ് മാതാപിതാക്കന്മാര്‍. കുട്ടികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും വളരെ നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടും വരുന്നതും മാതാപിതാക്കള്‍ തന്നെയാണ്. എന്നാല്‍ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടെതെന്നും പല മാതാപിതാക്കള്‍ക്കും അറിയില്ല. ശരിയായ രീതിയില്‍ കുട്ടികളെ വളര്‍ത്തുന്നതിനായി ഹവാര്‍ഡ് സര്‍വകലാശാലയിലെ ഒരുകൂട്ടം വിദഗ്ധര്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്......
* ലോകം കാണിച്ചുകൊടുക്കാം - അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങുന്ന ഒരുകൊച്ചു ലോകമാണ് കുട്ടികളുടേത്. ഇതിനപ്പുറത്തെ ലോകം കൂടെ അവര്‍ക്കു കാണിച്ചുകൊടുക്കാം. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ സഹജീവികളോട് കാരുണ്യമുള്ളവരായി അവരെ വളര്‍ത്താം. അങ്ങനെ വളര്‍ത്തിയെടുക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും തെറ്റുകളില്‍ വീഴുകയോ ചീത്തയായിപ്പോകുകയോയില്ല.
* അവര്‍ക്കൊപ്പം അല്പ സമയം - നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണമാണ് കുട്ടികള്‍ക്കൊപ്പമുള്ള സമയം പങ്കിടല്‍. നിങ്ങള്‍ എത്ര തിരക്കുള്ളയാള്‍ ആണെങ്കിലും ഇക്കാര്യത്തില്‍ മുടക്കം വരാന്‍ പാടില്ല. അവര്‍ക്കൊപ്പം കുറച്ച് സമയം ഇരുന്നു നോക്കൂ ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകും അത്. അവരുടെ കൊച്ചുകൊച്ചു പ്രശ്‌നങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും നിങ്ങളും അറിഞ്ഞിരിക്കണം. അവരുെട ഇഷ്ടങ്ങളെക്കുറിച്ചും മറ്റും പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാം. അവര്‍ക്കൊപ്പം നിങ്ങളുണ്ടെന്ന ഒരു ചിന്തതന്നെ അവരെ മിടുക്കരാക്കും. മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഇതില്‍ നിന്നും കുട്ടികള്‍ പഠിക്കും.
* നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാം - ദേഷ്യം, വെറുപ്പ്, അസൂയ തുടങ്ങിയ ചീത്ത വികാരങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവരെ സഹായിക്കാം. വീട്ടിനുള്ളിലുണ്ടാകുന്ന കൊച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും പിണക്കങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതും നിങ്ങളാണ്.
* മക്കളാണ് ഏറ്റവും പ്രിയപ്പെട്ടത് - മിക്ക കുട്ടികളും തങ്ങള്‍ മാതാപിതാക്കള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അറിയില്ലയെന്നാണ്. അതുകൊണ്ട് മാതാപിതാക്കള്‍ അവരോടുള്ള സ്‌നേഹത്തിലും കരുതലിലും യാതൊരു പിശുക്കും കാണിക്കരുത്. അവര്‍ നിങ്ങള്‍ക്ക് ജീവനാണെന്നും നിങ്ങളവരെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ഇടയ്ക്കിടെ പറയാം.
* സഹായിക്കാനും അഭിനന്ദിക്കാനും പഠിപ്പിക്കാം - വീട്ടിലെ ജോലികളില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടവ ചിലതുണ്ടാകാം അത്തരം ജോലികള്‍ ചെയ്യാന്‍ അവരേയും കൂട്ടാം. അതിനൊക്കെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങള്‍ കൊടുക്കാനും മറക്കേണ്ട. മറ്റുള്ളവരെ സഹായിക്കാനും അഭിന്ദിക്കാനും നന്ദിയുള്ളവരാകാനും ഇതൊക്കെ കുട്ടികളെ സഹായിക്കും.
* പ്രശ്‌നങ്ങള്‍ നേരിടാം, ഓടിയൊളിക്കേണ്ട - പരീക്ഷയിലായാലും കളികളിലായാലും തോറ്റു പോകുന്നത് കുട്ടികള്‍ക്ക് സഹിക്കാനാകില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവയില്‍ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു ശ്രമം കുട്ടികളില്‍ ഉണ്ടാകാം. എന്നാല്‍ പ്രശ്‌നങ്ങളെ നേരിടാനുള്ളതാണെന്നും ഓടിയൊളിക്കേണ്ടെയെന്നും പറഞ്ഞുകൊടുക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ചിന്തങ്ങളേയും പ്രവര്‍ത്തികളേയും മറ്റ് ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ചുവിടാം.