-->
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. കേസിലെ 12 പ്രതികളില്‍ 9 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയ കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
ടി പി കേസ് പ്രതി ടി കെ.രജീഷും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2005 ഒക്ടോബര്‍ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്.
സിപിഐഎം പ്രവര്‍ത്തകനായിരുന്ന സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയായിരുന്നു കേസ്. ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പിന്നീട് പ്രതി ചേര്‍ക്കുകയായിരുന്നു. കേസിലെ പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. പ്രതികളില്‍ രണ്ടുപേര്‍ വിചാരണവേളയില്‍ മരണപ്പെട്ടവരാണ്. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം നിരപരാധികള്‍ ആണെന്നാണ് സിപിഐഎം പറയുന്നത്.
മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികള്‍ നിരപരാധികളാണെന്നും ടി കെ രജീഷ് ഉള്‍പ്പെടെയുള്ളവരെ മനപൂര്‍വ്വം പ്രതി ചേര്‍ത്തതാണെന്നും നിരപരാധികളെ ശിക്ഷിച്ചാല്‍ അപ്പീല്‍ നല്‍കുമെന്നും കഴിഞ്ഞ ദിവസം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.