-->
തൊടുപുഴ: ഇടുക്കി പന്നിയാര്‍കുട്ടിയില്‍ വേനല്‍മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടി തുടങ്ങിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പന്നിയാര്‍കുട്ടി കൊള്ളിമല സെന്റ് മേരീസ് യുപി സ്‌കൂളില്‍ 400 ഓളം ഓടുകള്‍ പറന്നു പോയി. പുറത്തിട്ടിരുന്ന കസേരകളും, ബെഞ്ചുകളും കാറ്റില്‍ തകര്‍ന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് കാറ്റു വീശിയത്.
കുട്ടികളെ സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിഛേദിക്കപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ ഒടിഞ്ഞു വീണും വ്യാപക കൃഷിനാശവുമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. പള്ളിയ്ക്ക് സമീപത്തുള്ള വീടിന് മുകളില്‍ മാവ് ഒടിഞ്ഞ് വീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു വീട്ടുപകരണങ്ങളും നശിച്ചു. പ്രദേശവാസികളുടെ പുരയിടത്തിലുണ്ടായിരുന്ന മാവ്, ജാതി, റബര്‍, ഞാവല്‍ എന്നിവയെല്ലാം ഒടിഞ്ഞു വീണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.