-->
മിമിക്രി വേദികളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് കൈയടി നേടിയിരുന്ന മിമിക്രി താരമാണ് സുരാജ് വെഞ്ഞാറമൂട്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോള്‍ സ്വതസിദ്ധമായ നര്‍മ്മങ്ങളിലൂടെയും ചിരിപൊട്ടിക്കുന്ന കൗണ്ടറുകളിലൂടെയും രസകരമായ അഭിനയത്തിലൂടെയും സുരാജ് പ്രേക്ഷകഹൃദയം കീഴടക്കിത്തുടങ്ങി. സീരിയസ്സ് കഥാപാത്രങ്ങളിലേക്ക് സുരാജ് വഴിമാറിയപ്പോള്‍ അതിശയത്തോടെ പ്രേക്ഷകരതിനെ ഏറ്റെടുത്തു. നൊമ്പരപ്പെടുത്തുന്ന സംഭാഷണങ്ങളും അഭിനയത്തിലെ മികവും കൊണ്ട് സുരാജ് മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയത് വളരെപ്പെട്ടെന്നാണ്.
മിമിക്രി താരത്തില്‍ നിന്നും തുടങ്ങി ദേശീയ പുരസ്‌കാരം വരെയെത്തി നില്‍ക്കുന്നു താരത്തിന്റെ അഭിനയയാത്ര. കോമഡി കഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ ആദ്യ തമിഴ് സിനിമയും റിലീസിന് ഒരുങ്ങുകയാണ്. ചിയാന്‍ വിക്രത്തിന്റെ ‘വീര ധീര സൂരന്‍’ എന്ന സിനിമയിലാണ് സുരാജും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 27 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. ചിയാന്‍ വിക്രം അടക്കമുള്ള താരങ്ങളുടെ അഭിമുഖങ്ങളില്‍ സുരാജിന്റെ നര്‍മ്മ സംഭാഷണങ്ങള്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ ഒരു പ്രൊമോഷന്‍ പരിപാടിയ്ക്കിടെ സുരാജ് പറഞ്ഞ നര്‍മ്മസംഭാഷണമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നാലാമതൊരു കുഞ്ഞിനെ കൂടി വേണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ഇക്കാര്യം ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഒരു പരിപാടിയില്‍ സുരാജ് വ്യക്തമാക്കിയത്. അതിനുള്ള കാരണമായി സുരാജ് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്.
‘‘ക്ഷമിക്കണം, ഞാൻ വിവാഹിതനാണ്, എനിക്ക് മൂന്ന് കുട്ടികളുണ്ട്... ഉടന്‍ തന്നെ നാലാമത്തെ കുട്ടി ഉണ്ടാകണമെന്ന് ഞാന്‍ ഭാര്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്താണെന്നു വച്ചാല്‍ ഒന്നാമത്തെ പയ്യന്‍ ജനിച്ചപ്പോള്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടി. എല്ലാവരും കൈയടിക്ക്... എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട് ചോദിച്ച് വാങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്ന്...’’
സുരാജിന്റെ ആദ്യ തമാശയില്‍ തന്നെ സദസ്സ് മുഴുവന്‍ ചിരിയോടെ കൈയടിച്ചു. ‘‘രണ്ടാമത്തെ പയ്യന്‍ ജനിച്ചപ്പോള്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടി. ആ ഇത് കൊള്ളാമല്ലോ. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ അവാര്‍ഡ് കിട്ടുന്നുണ്ടല്ലോ. അങ്ങനെയിരിക്കുമ്പോള്‍ എനിക്ക് മൂന്നാമത് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആ വര്‍ഷത്തെ ദേശീയ, സംസ്ഥാന അവാര്‍ഡ് എനിക്ക് കിട്ടി. അടുത്തത് ഓസ്കാർ കിട്ടുമെങ്കില്‍, നാലാമത്തെ കുട്ടിക്ക് ഞാൻ തയ്യാറാണ്. ദയവായി പ്രാർത്ഥിക്കൂ. എന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞോളാം...’’ തമാശരൂപേണ സൂരജ് പറഞ്ഞത് കേട്ട് സദസ്സ് ഒന്നടങ്കം ചിരിച്ചു. സുരാജിന്റെ കൗണ്ടറുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന വിക്രത്തിനെ വീഡിയോയില്‍ കാണാം. സദസ്സ് മുഴുവന്‍ പൊട്ടിച്ചിരികളും കൈയടികളും നല്‍കിയാണ് സുരാജിന്റെ തമാശകള്‍ ഏറ്റെടുത്തത്.
താരത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം ചിയാന്‍ വിക്രം, എസ് ജെ സൂര്യ, തുഷാര വിജയന്‍ എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചെന്നൈ ആവഡിക്കടുത്തുള്ള വെയ്ല്‍ ടെക് സര്‍വകലാശാലയില്‍ നടത്തിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ വച്ചാണ് സുരാജ് സദസ്സിനെ തന്റെ കൗണ്ടറിലൂടെ ആരാധകരെ കൈയിലെടുത്തത്.
#SurajVenjaramoodu : Sorry, I m married, I have 3 kids 🤣1st paiyan - that year state award2nd paiyan - that yearum state awardIthu nallaruke sollitu,3rd ponnu- that year National and state awardNext Oscar kedaikum na , I m ready for 4th kid. Please pray, pannunga. Na… pic.twitter.com/OKPJ5w1kg6— Chiyaan Seenu (@chiyaan_Vikram6) March 20, 2025
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ സുരാജിന്റെ കരിയര്‍ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചെറുതും വലുതുമായി അനേകം സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ ഹാസ്യ കഥാപാത്രങ്ങളിലെ വ്യത്യസ്തമായ അവതരണമാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നത്. അതിനിടെ 2013 ല്‍ പുറത്തിറങ്ങിയ പേരറിയാത്തവന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരാജിന് ലഭിച്ചു. സീരിയസ്സ് കഥാപാത്രമായി പുരസ്കാരം നേടുമ്പോഴും മലയാളത്തിലെ പല സിനിമകളിലെയും കോമഡി കഥാപാത്രം മുന്‍നിര്‍ത്തി മികച്ച കോമേഡിയനുള്ള സംസ്ഥാന പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.
2019 ല്‍ വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സുരാജിന് കിട്ടി. 2005 ല്‍ സുപ്രിയയെ വിവാഹം ചെയ്ത സുരാജിന് കാശിനാഥന്‍, വാസുദേവ്, ഹൃദ്യ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
മാര്‍ച്ച് 27 സുരാജ് വെഞ്ഞാറമൂടിനെ സംബന്ധിച്ച് വലിയ പ്രധാന്യമുള്ള ദിവസമാണ്. ചിയാന്‍ വിക്രം നായകനാകുന്ന വീര ധീര സൂരന്‍ തിയേറ്ററുകളിലെത്തുന്നതിനൊപ്പം മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാനും ആ ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനില്‍ സുരാജ് വെഞ്ഞാറമുട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.