Wednesday, March 11, 2026 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 12.05 PM

‘‘ഒരു സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയിൽ പുനഃസൃഷ്ടിച്ച പച്ചയായ മനുഷ്യൻ, നടൻ...ശ്രീനിയേട്ടന് വിട...’’ നൊമ്പരകുറിപ്പുമായി സുരാജ് വെഞ്ഞാറമൂട്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം കുറിച്ച് ആദരാഞ്ജലികളുമായി കലാസാഹിത്യസാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ സഹതാരം കൂടിയായ സുരാജ് വെഞ്ഞാറമൂടും തന്റെ നൊമ്പരവും ആദരാഞ്ജലിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്.
Sreenivasan, Suraj Venjaramoodu
Suraj Venjaramoodu on Sreenivasan demise (Image Source: Instagram)

നാല്‍പ്പത്തിയെട്ട് വർഷത്തോളമായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനായ ശ്രീനിവാസന്റെ വിയോഗം കലാമേഖലയെയും ആരാധകരെയും കുടുംബത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ഈ വിയോഗത്തിന്റെ നൊമ്പരം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ശ്രീനിവാസന്റെ വിയോഗത്തിന്റെ നൊമ്പരം വാക്കുകളിലൂടെ കുറിക്കുകയാണ്. കൗമാരകാലം ഒക്കെയും ചിരികൾ കൊണ്ട് നിറച്ച, രാഷ്ട്രീയ ബോധത്തിന്റെ ചിന്തകളുടെ വേര് പാകിയ, സമസ്ത മേഖലയിലും കഴിവ് തെളിയിച്ച ശ്രീനിയേട്ടന് വിടയെന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്.
‘‘ഒരു സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയിൽ പുനർസൃഷ്ടിച്ച പച്ചയായ മനുഷ്യനും നടനുമായ ശ്രീനിയേട്ടൻ...അദ്ദേഹത്തിന്റെ 48 വർഷത്തെ സിനിമ ജീവിതം മലയാളികൾക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാൻ ആകാത്ത നർമ മുഹൂർത്തങ്ങളും ചിന്താവിഷയങ്ങളുമാണ്...
കഥപറയുമ്പോൾ, അറബിക്കഥ ഈ രണ്ടു സിനിമകൾ ചെയ്യുമ്പോൾ ആണ് ഞങ്ങൾ കൂടുതൽ വ്യക്തിപരമായി അടുക്കുന്നത്..
നമ്മുടെ കൗമാരകാലം ഒക്കെയും ചിരികൾ കൊണ്ട് നിറച്ച, രാഷ്ട്രീയ ബോധത്തിന്റെ ചിന്തകളുടെ വേര് പാകിയ, സമസ്ത മേഖലയിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ ഒരിക്കലും അവസാനിക്കുന്നില്ല....വിട...’’ എന്നാണ് ശ്രീനിവാസന്റെ ചിത്രം പങ്കിട്ട് സുരാജ് വെഞ്ഞാറമൂട് കുറിച്ചിരിക്കുന്നത്.

മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. താരത്തിന്റെ തൂലികയില്‍ പിറന്ന ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു. തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ച മലയാള സിനിമ പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളികള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ അവബോധം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളതാണ് ശ്രീനിവാസന്റെ തിരക്കഥകള്‍.
ഒരേ സമയം തിരക്കഥാകൃത്തായും സംവിധായകനായും നടനായും തിളങ്ങിയ പ്രതിഭയാണ് ശ്രീനിവാസന്‍. എത്ര കാലം കഴിഞ്ഞാലും താരം പങ്കിട്ട രാഷ്ട്രീയ സാമൂഹിക ചിന്തകള്‍ ഓരോ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. തന്റെ സിനിമകളിലൂടെ താരം പറഞ്ഞ ഓരോ സംഭാഷണങ്ങളും മലയാളികള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പലപ്പോഴും ഉപയോഗിക്കുന്നതാണ്, അനുഭവിച്ചിട്ടുള്ളതാണ്. ആ സംഭാഷണങ്ങള്‍ എല്ലാ കാലത്തും നിലനില്‍ക്കും എന്നത് നിസംശയം പറയാം.
അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ്. അച്ഛനെപ്പോലെ തന്നെ നടനായും സംവിധായകനായും ഒരേ സമയം തിളങ്ങാന്‍ വിനീതിന് കഴിഞ്ഞു. ധ്യാനാകട്ടെ സിനിമകളിലൂടെയും തന്റെ നര്‍മ്മരസം കലര്‍ന്ന അഭിമുഖങ്ങളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി ശാരീരികമായ അവശതകളും അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു താരം. അതിനാല്‍ത്തന്നെ അഭിനയത്തില്‍ നിന്നും എഴുത്തില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇന്ന് പുലർച്ചയോടെ ശാരീരിക സ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. കുറച്ച്‌ കാലം മുമ്പ് ഹൃദയാഘാതം സംഭവിക്കുകയും പിന്നീട് ചികിത്സിച്ച് ഭേദമായി താരം ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി ഡയാലിസിസ് മുതലായ ചികിത്സകളും നല്‍കുന്നുണ്ട്. എഴുത്തിലേക്കും അഭിനയത്തിലേക്കും തിരികെ വരണമെന്ന ആഗ്രഹങ്ങളും ഈ താരപ്രതിഭയ്ക്ക് ഉണ്ടായിരുന്നു.

Ads by Google
Saturday 20 Dec 2025 12.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW