-->
മിമിക്രി ആര്‍ട്ടിസ്റ്റും അഭിനേതാവുമായിരുന്ന കൊല്ലം സുധിയെന്ന കലാകാരനിലൂടെയാണ് രേണു സുധിയെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ താങ്ങായും തണലായും നിന്ന് രേണുവാണെന്ന് പല വേദികളിലും സുധി കണ്ണു നിറഞ്ഞ് പറഞ്ഞിട്ടുണ്ട്. ആരാധകരെയും സഹപ്രവര്‍ത്തകരെയും നൊമ്പരപ്പെടുത്തിക്കൊണ്ടാണ് ഒരു കാര്‍ അപകടത്തിലൂടെ കൊല്ലം സുധി ഈ ലോകത്ത് നിന്ന് വേര്‍പെട്ട് പോയത്. അതിനു ശേഷം രേണവിന്റെയും മക്കളുടെയും കണ്ണീരില്‍ ഒപ്പം കരഞ്ഞിട്ടുണ്ട് മലയാള സിനിമാ ലോകം.
സുധിയുടെ മരണത്തിനു ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സാന്ത്വനം പറഞ്ഞും പിന്തുണച്ചും ഒരുപാട് പേര്‍ രേണുവിന് കരുത്തായി നിന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി വിമര്‍ശനങ്ങളുടെയും നെഗറ്റീവ് കമന്റുകളുടെയും കുത്തൊഴുക്കാണ് രേണുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കമന്റുകളിലുള്ളത്. ദാസേട്ടന്‍ കോഴിക്കോടിനൊപ്പം റീല്‍സ് വീഡിയോ ചെയ്തു തുടങ്ങിയതോടെയാണ് രേണുവിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു തുടങ്ങിയത്. സിനിമകളിലെ പാട്ടുകള്‍ റീല്‍സ് വീഡിയോയായി ചെയ്തപ്പോള്‍ രേണു ഇന്റിമേറ്റ് സീനുകള്‍ ചെയ്തു എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കാരണം.
ഇപ്പോഴിതാ തന്റെ ശരീരത്തെ പരിഹസിച്ചും ചീത്ത വിളിച്ചും വരുന്ന കമന്റുകള്‍ക്കുള്ള മറുപടി നല്‍കുകയാണ് രേണു സുധി. അസഭ്യം കമന്റായി കുറിക്കുന്നവരെ നിയമപരമായി നേരിടാനാണ് തന്റെ തീരുമാനമെന്ന് പറയുന്നതിനൊപ്പം സുധിയുടെ മൂത്ത മകൻ കിച്ചുവിനെ പുതിയ വീട്ടില്‍ നിന്നും പുറത്താക്കിയോ എന്ന കമന്റുകളോടും രേണു പ്രതികരിച്ചു.
‘‘ബിക്കിനി ഷൂട്ട് ചെയ്യുന്നവർ നമുക്ക് ഇടയിലുണ്ടല്ലോ. പ്രധാനപ്പെട്ട ആളുകളൊക്കെ ചെയ്യാറില്ലേ? അവരോട് ആരോടും ഇല്ലാത്ത പ്രശ്നമാണ് എന്നോട് ഇവർ തീർക്കുന്നത്. ബിക്കിനി ഷൂട്ട് ചെയ്യുന്നവരെ മലയാളികള്‍ ഒരും കമന്റിലൂടെ ഒന്നും പറയുന്നില്ലല്ലോ. ബിക്കിനി ഫോട്ടോഷൂട്ട് തെറ്റാണെന്നല്ല ഞാൻ പറയുന്നത്. എന്ത് ഇടണം, എന്ത് ഇടേണ്ട എന്നത് അവനവന്റെ ഇഷ്ടമാണ്. ഞാൻ ഒരു റീല്‍ ചെയ്യുന്നത് ഇത്ര വലിയ പാദകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നെഗറ്റീവ് കമന്റ് എനിക്ക് കുഴപ്പമില്ല. പക്ഷെ തെറിയാണ് പലരും വിളിക്കുന്നത്. ഏത് സോങ്ങിന് റീല്‍ ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്. നെഗറ്റീവ് കമന്റ് ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. പക്ഷേ ഇവര്‍ എന്തിനാണ് തെറി വിളിക്കുന്നത്. അതാണ് എന്റെ പ്രശ്നം.
ഒരു നൂറു തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്, വീട് എന്റെ പേരിലല്ലെന്ന്. പിന്നെയും ഇതു തന്നെ പറഞ്ഞാണ് ചീത്ത വിളിക്കുന്നത്...’’ രേണു പറയുന്നു.
റീല്‍സ് ചെയ്യുന്നത് മക്കളെ പോറ്റാനാണോ എന്ന് കമന്റിനും രേണു മറുപടി പറയുന്നുണ്ട്. ‘‘ഞാന്‍ ഏതു പാട്ടിന് റീല്‍സ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനല്ലേ, അല്ലാതെ ഇവരാണോ. റീല്‍ ചെയ്യുന്നത് മക്കളെ പോറ്റാനാണോ? എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പ്രൊഫഷണല്‍ ആർട്ടിസ്റ്റാണ്. നാടകത്തില്‍ ഞാൻ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ്. മക്കളെ പോറ്റാൻ വേണ്ടിയാണ്. വയറില്‍ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല. ഇന്റിമേറ്റ് സീനില്‍ അഭിനയിക്കേണ്ടി വന്നാല്‍ ഞാൻ അഭിനയിക്കും.
കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. അതും എനിക്ക് കംഫേർട്ടാണെങ്കില്‍ മാത്രം. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളില്‍ നിന്നാണ് അഭിനയിക്കുന്നത്. അതുപോലെ ബോഡി ഷെയ്മിങ് കമന്റിടുന്നവരോട്, അവർ ചിലപ്പോള്‍ ഐശ്വര്യ റായി ആയിരിക്കും, ഷാരൂഖ് ഖാന്‍ ആയിരിക്കും. നമ്മള്‍ പാവങ്ങളാണ്. എന്നെയിനി ആരും കെട്ടാന്‍ പോകുന്നില്ല, ഞാനും ആരെയും കെട്ടുന്നില്ല. എനിക്ക് ദൈവം തന്നത് ഇങ്ങനെയാണ്. മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്യാൻ എനിക്ക് നിർവാഹമില്ല. അതുകൊണ്ട് തന്നെ അത്തരം കമന്റുകള്‍ ഞാൻ വിട്ടു....
‘‘സുധി ചേട്ടന്റെ രണ്ട് മക്കളും എന്റെ മക്കള്‍ തന്നെയാണ്. റിതുലിനെക്കാള്‍ മുമ്പ് എന്നെ അമ്മേയെന്ന് വിളിച്ചത് കിച്ചുവാണ്. അവൻ കഴിഞ്ഞിട്ട് മാത്രമെ റിതുലിനോട് സ്നേഹമുള്ളു. എനിക്ക് ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ പേരില്‍ അല്ല പുതിയ വീടെന്ന് പല ആവർത്തി അഭിമുഖങ്ങളില്‍ ഞാൻ പറഞ്ഞ് കഴിഞ്ഞു.
വീട് വെച്ച് തന്നവരും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഞാൻ കിച്ചുവിനെ അടിച്ച് ഇറക്കുമെന്ന് ഇവർക്ക് പറയാൻ കഴിയുന്നത്. എന്നെ കമന്റ്സില്‍ വന്ന് പലരും തെറി വിളിക്കുന്നുണ്ട്. അത് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. എനിക്ക് കെട്ട്യോൻ ഇല്ലാത്തതുകൊണ്ടാണ് ഇവരൊക്കെ പച്ചയ്ക്ക് എന്നെ തെറി വിളിക്കുന്നതെന്ന് എനിക്ക് അറിയാം.
എനിക്ക് ഉത്തരവാദിത്വപ്പെട്ട ആരുമില്ലെന്ന് കരുതിയാണ് ഇവർ ഇങ്ങനെ ചീത്ത വിളിക്കുന്നത്. ഇവരില്‍ ഒരാളെ എങ്കിലും ഞാൻ നിയമത്തിന് മുന്നില്‍ കൊണ്ടുവരും...’’ രേണു പറഞ്ഞു.
കൊല്ലം സുധിയുടെ വരുമാനത്തിലായിരുന്നു രേണുവും മക്കളും കഴിഞ്ഞിരുകഴിഞ്ഞിരുന്നത്. നടന്റെ വരുമാനത്തോടെ അനാഥമായ കുടുംബത്തിന് സന്നദ്ധ സംഘടനയാണ് വീട് വെച്ച് നല്‍കിയത്. മക്കളുടെ വിദ്യാഭ്യാസം 24 ന്യൂസ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.