-->
നിലമ്പൂര്‍: മൈസുരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ്. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9മാസവും ആറാംപ്രതി നിഷാദിന് മൂന്ന് വര്‍ഷവും 9 മാസവും തടവിനും ശിക്ഷിച്ചു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്.
ഇന്നലെ ഈ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റ് 13 പ്രതികളെ ജഡ്ജി എം. തുഷാര്‍ വെറുതേ വിട്ടിരുന്നു. 2019 ഓഗസ്റ്റ് ഒന്നിനാണ് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്താന്‍ പാരമ്പര്യവൈദ്യനായ ഷാബാ ഷെരീഫിനെ പ്രതികള്‍ മൈസുരുവിലെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ വീട്ടില്‍ താമസിപ്പിച്ചത്. 2020 ഒക്‌ടോബര്‍ എട്ടിന് വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണു കേസ്. മൃതദേഹം കണ്ടെത്താത്ത കേസില്‍ കുറ്റം തെളിയിച്ച കേരളത്തിലെ ആദ്യകേസായിരുന്നു.
മലപ്പുറം മുന്‍ എസ്.പി: എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നാവികസേനാ സംഘമടക്കം തെരച്ചിലിനിറങ്ങിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശാസ്ത്രീയതെളിവുകളടക്കം ഹാജരാക്കിയാണ് അന്വേഷണസംഘം കേസ് തെളിയിച്ചത്. ഏഴാംപ്രതിയായിരുന്ന നൗഷാദിനെ മാപ്പുസാക്ഷിയാക്കിയ പ്രോസിക്യൂഷന്‍ നടപടിയും കേസില്‍ നിര്‍ണായകമായി. 3177 പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്്. അന്വേഷണമാരംഭിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കു ജാമ്യം ലഭിച്ചില്ല. ജുഡീഷ്യല്‍ കസ്റ്റഡിയിലാണു വിചാരണ നേരിട്ടത്. പ്രതിപ്പട്ടികയിലുള്ള മൂന്നുപേരെ പിടികൂടാനുണ്ട്.
ഷാബാ ഷെരീഫിനെ കാണാതായപ്പോള്‍ ബന്ധുക്കള്‍ മൈസുരു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷാബയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുഹൃത്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് പോലീസിനു കൈമാറി. ബന്ധുക്കളെ ദൃശ്യങ്ങള്‍ കാട്ടി ഷാബയാണെന്നു പോലീസ് സ്ഥിരീകരിച്ചു.
2022 ഏപ്രില്‍ 23-നു വീട്ടില്‍ക്കയറി ഒരുസംഘം തന്നെ മര്‍ദിച്ചെന്ന ഷൈബിന്റെ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. ഷൈബിനെ ആക്രമിച്ച കേസിലുള്‍പ്പെട്ട അഞ്ച് പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തി. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഷൈബിന്‍ അഷ്‌റഫ്, ഷൈബിന്റെ മാനേജരായിരുന്ന ഷിഹാബുദ്ദീന്‍, നിഷാദ് എന്നിവര്‍ക്കു പുറമേ വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍ (30), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുള്‍ വാഹിദ് (26), ഷൈബിന്റെ ഭാര്യ ഫസ്‌ന (28) തുടങ്ങിയവരായിരുന്നു പ്രതികള്‍.
അന്വേഷണത്തിനിടെ പ്രതി ഷൈബിനെതിരേ അബുദാബി ഇരട്ടക്കൊലപാതകക്കേസിലും തെളിവുകള്‍ പുറത്തുവന്നു. ആ കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ഷാബാ ഷെരീഫ് കൊലപാതകക്കേസാണ് അബുദാബി കേസിലും വഴിത്തിരിവായത്.