-->
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹവും ആത്മാര്‍ത്ഥതയും എന്നും ആരാധകര്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഇവരുടെ ആരാധകര്‍ തമ്മില്‍ എത്രയൊക്കെ വാക്പോരുകള്‍ നടത്തിയാലും ‘ഇച്ചാക്ക’ എന്ന് വിളിച്ച് മോഹന്‍ലാലും, ‘ലാലു’ എന്ന് വിളിച്ച് മമ്മൂട്ടിയും തങ്ങളുടെ ഹൃദയം തുറന്ന് സ്നേഹിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിക്ക് അര്‍ബുദമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പേടിക്ക തക്കതായി ഒന്നുമില്ലെങ്കിലും താരമിപ്പോള്‍ ചികിത്സയിലാണെന്ന് മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
അതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടി.
ഏറെ സ്നേഹത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആ വഴിപാട് രസീതിന്റെ ചിത്രം ആളുകള്‍ പങ്കുവച്ചതും അതിനെക്കുറിച്ച് സംസാരിച്ചതും. ഇപ്പോഴിതാ ഈ സംഭവം നേരിട്ട് കണ്ടറിഞ്ഞ, ശബരിമലയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കൃഷ്ണ മോഹൻ ആ അനുഭവം പങ്കുവെക്കുകയാണ്. തന്റെ കൈയില്‍ നിന്ന് പേനയും പേപ്പറും വാങ്ങിയാണ് മോഹന്‍ലാല്‍ പൂജയ്ക്കായി എഴുതിയതെന്ന് കുറിക്കുകയാണ് കൃഷ്ണമോഹന്‍.
‘‘പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ...’ലോകമാകെ സ്നേഹത്തോടെ പങ്കുവെയ്ക്കുന്ന വാർത്ത...അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി..
‘ലാലേട്ടാ... അങ്ങ് മനസ്സിൽ കുടിയിരുത്തിയ പ്രാർത്ഥനയെ, അങ്ങയുടെ സ്നേഹാർച്ചനയെ അനുവാദം തേടാതെ വാർത്തയാക്കിയതിൽ പരിഭവം അരുതേ...’ഇനി പറയാം..,
ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവൻ സാറിനൊപ്പം ശബരിമലയിൽ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്. സാറിനൊപ്പം മോഹൻലാൽ കൂടി മലചവിട്ടും.. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവൻ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയിൽ എത്തി. അവർക്ക് ഒപ്പം മലചവിട്ടി.. ആറരയോടെ ദർശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസിൽ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാൻ ആളുകളുടെ വലിയ തിരക്ക്.
ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങൾക്ക് നിന്നുകൊടുക്കുന്ന ലാലേട്ടൻ. അതിനിടയിലാണ് ശബരിമലയിൽ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവൻ സാർ അദ്ദേഹത്തിന്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകൾ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാൻ മാധവൻ സാറിനോട് ചോദിച്ചു. അത് നിങ്ങൾ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സർ പറഞ്ഞു.. ഫോട്ടോ തിരക്കിൽ നിന്ന് ലാലേട്ടൻ ഇടയ്ക്ക് ഫ്രീ ആയപ്പോൾ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..?
‘വഴിപാട് നടത്തണം മോനെ , ഉറപ്പായും വേണം, വേണം... എനിക്ക് ഒരു പേപ്പറും പേനയും തരുമോ?...’ എന്റെ കയ്യിൽ ഇരുന്ന ചെറിയ കടലാസ് കക്ഷണവും പേനയും ഞാൻ നൽകി...ലാലേട്ടൻ തന്നെ പേപ്പറിൽ എഴുതി...-സുചിത്ര (തൃക്കേട്ട), മുഹമ്മദ് കുട്ടി (വിശാഖം)... ‘മോനെ ഇച്ചാക്കയുടെ പേരിലും വേണം...’ ഒരു നിമിഷം എന്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാൻ ലാലേട്ടന് തിരികെ നൽകി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല. പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറുവയാണ് ആ കണ്ണുകളിൽ കണ്ടത്...അതിൽ ദൈവമുണ്ട്.. തത്ത്വമസി...’’ എന്നാണ് കൃഷ്ണമോഹന്‍ കുറിച്ചത്.