Saturday, March 14, 2026 Last Updated 41 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 09.38 AM

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാലു മേഖലായോഗങ്ങള്‍

uploads/news/2025/03/770770/pinarayi-11.gif

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും. ഭരണനേട്ടങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങളുണ്ടങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായാണ് യോഗങ്ങള്‍ നടത്തുന്നത്. മേയ് മാസത്തിലായിരിക്കും നാലു മേഖലകളിലും അവലോകനയോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പധ്യക്ഷന്‍മാരും ചേര്‍ന്ന് ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നുണ്ടങ്കില്‍ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം മേയ് 26-ന് കണ്ണൂരിലും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ യോഗം മേയ് എട്ടിന് പാലക്കാടും നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മേയ് 29-ന് കോട്ടയത്തു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മേയ് 15-ന് തിരുവനന്തപുരത്തും നടത്തും.

2023-ലെ അവലോകനയോഗത്തില്‍ പരിഗണിച്ചവയില്‍ ഇനിയും പൂര്‍ണമായും പരിഹരിക്കാത്ത വിഷയങ്ങള്‍, മുഖ്യമന്ത്രി എം.എല്‍.എമാരുമായി നടത്തിയ യോഗത്തില്‍ അവര്‍ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, നവകേരള സദസിന്റെ ഭാഗമായി നിയോജകമണ്ഡലത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തില്‍പ്പെടുന്ന വിഷയങ്ങള്‍ മേഖലാ അവലോകന യോഗങ്ങളില്‍ പരിഗണിക്കും.

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം, നവകേരള മിഷന്‍(ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷന്‍), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.മേഖലാ അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മേഖലാ അവലോകന യോഗങ്ങള്‍ നടക്കുന്ന ജില്ലയിലെ കലക്ടര്‍മാര്‍ക്ക് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകള്‍ നല്‍കും. യോഗത്തിനായുള്ള സോഫ്റ്റ്‌വേര്‍ തയാറാക്കുന്നതിന് ഇലക്‌ട്രോണിക്‌സ്- വിവര സാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW