-->
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് -മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന ലൂസിഫർ ഫ്രാഞ്ചൈസിയായ എമ്പുരാന്റെ ഓരോ അപ്ഡേറ്റുകളും നിമിഷവേഗത്തിലാണ് തരംഗമായി മാറുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ ക്യാരക്ടര്‍ റിവീല്‍ വീഡിയോയും ട്രെയിലറും പോസ്റ്ററുകളുമടക്കം എല്ലാം ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു.
സംവിധായകനായ പൃഥ്വിരാജിന്റെ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുകളും അഭിമുഖവുമൊക്കെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്. താരം പറയുന്ന ഓരോ വാക്കുകളും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ‘ലൂസിഫർ’ എന്ന ചിത്രത്തില്‍ മോഹൻലാലിനെ കാണിക്കുന്ന പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസില്‍ എടുത്തിരിക്കുന്നതിന്റെ കാരണം പറയുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി എത്തിയ ‘ലൂസിഫര്‍’ തിയറ്ററില്‍ നിന്ന് കണ്ടിറങ്ങിയ സിനിമാറ്റോഗ്രാഫേഴ്സ് ആയ തന്റെ പല സുഹൃത്തുക്കളും ചിത്രത്തിലെ കുറേയധികം ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസ് ആണെല്ലോ എന്നു തന്നോട് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ അത് താൻ മനപൂർവം ചെയ്തതാണെന്നും അതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും പൃഥ്വിരാജ് പറയുകയാണ്.
‘‘ഒരു സംവിധായകൻ എന്ന തലത്തില്‍ മോണിറ്ററിലൂടെ മറ്റൊരു അഭിനേതാവിന്റെ പ്രകടനം കാണുമ്പോള്‍ നിങ്ങള്‍ക്ക് അവരുടെ പ്രോസസ്സ് കൂടി കാണാൻ സാധിക്കും. ഷോട്ടിന് മുമ്പുള്ള അവരുടെ മുഖത്തേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും എല്ലാം ആക്ടേഴ്സിനും അവരുടേതായ ഒരു പ്രോസസ്സ് ഉണ്ട് എന്ന്. മോഹൻലാല്‍ സാർ ഡിസസോസിയേറ്റ് ആണ്. അത് വളരെ ഭംഗിയായാണ്, പക്ഷേ ഫിലിം മേക്കറിന് അത് കുറച്ച് ടഫ് ആണ്. കാരണം ഞാൻ പറയാം. അദ്ദേഹം എനിക്ക് ഏറ്റവും മികച്ച ഒരു ടേക്ക് തന്നു.
പക്ഷേ ആ ഷോട്ടില്‍ ക്യാമറയുടെ ഫോക്കസ് പോയി. ഞാൻ അദ്ദേഹത്തിനോട് പോയി ഒന്നു കൂടി വേണം സാർ, ഇപ്പോള്‍ ചെയ്തത് പോലെ തന്നെ മതി, ഞങ്ങള്‍ക്ക് ഫോക്കസ് പോയതാണ് എന്നു പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞു. പക്ഷേ അടുത്ത ടേക്കില്‍ അദ്ദേഹം തീർത്തും വ്യത്യസ്തമായ മറ്റൊരു ടേക്ക് ആണ് തന്നത്. സാർ ഇതല്ല, കഴിഞ്ഞ ടേക്കില്‍ ചെയ്തതാണ് എനിക്ക് വേണ്ടത് എന്ന് ഞാൻ വീണ്ടും പറയും. അദ്ദേഹം ശരി എന്ന് പററയും, ശേഷം പക്ഷേ വീണ്ടും മറ്റൊന്നായിരിക്കും തരിക. അവസാനം അദ്ദേഹം ആദ്യ ടേക്കില്‍ എന്താണ് ചെയ്തത് എന്ന് മോണിറ്ററില്‍ വന്നു കണ്ടു നോക്കി. ഓഹ് ഇതാണോ വേണ്ടത്. ഒക്കെ എന്നു പറഞ്ഞ് വീണ്ടും ടേക്ക് പോയി. പക്ഷേ അടുത്ത ടേക്കിലും മറ്റൊന്നാണ് തന്നത്. ലൂസിഫറിലെ കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണ്.
എന്റെ സിനിമാറ്റോഗ്രാഫേഴ്സ് ആയ സൂഹൃത്തുക്കള്‍ ലൂസിഫർ കണ്ടതിന് ശേഷം എന്നോട് പറഞ്ഞത് കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണെല്ലോ എന്നാണ്. എനിക്കറിയാം. പക്ഷേ ഞാൻ അത് വച്ചത്, അതെല്ലാം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയത് കൊണ്ടാണ്. മോഹൻലാല്‍ സാർ അങ്ങനെയാണ്. കുറച്ച് ഡിസസോസിയേറ്റ് ആണ്. എന്നാല്‍ വിവേക് ഒബ്റോയിലേക്ക് വന്നാല്‍ അദ്ദേഹം 18 ടേക്കുകള്‍ എടുത്താല്‍ അതില്‍ നിന്നും ഏത് വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. അത്രയും പിൻപോയിന്റ് ആണ് അത്. 18 ടേക്കും ഒരുപോലെ തന്നെയിരിക്കും...’’ പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.