-->
ആരുടെ കൈവശമുള്ള സ്വത്തുക്കളും എപ്പോൾ വേണമെങ്കിലും കൈവശപ്പെടുത്താമെന്ന തരത്തിലുള്ള വഖഫ് നിയമങ്ങൾ തികച്ചും പ്രാകൃതവും അതിലേറെ ഏകപക്ഷീയവുമാണ് . വഖഫിൻ്റെ പേരിൽ സ്വന്തം ഭൂമി നഷ്ടമായവർക്കേ അതിൻ്റെ യഥാർത്ഥ പ്രത്യാഘാതം അറിയുകയുള്ളു.
മുനമ്പത്ത് കാലാകാലമായി വസിക്കുന്ന 500-ലധികം പാവപ്പെട്ട ക്രൈസ്തവ മത്സ്യത്തൊഴിലാളികളുടേതടക്കം ഭൂമി തെല്ലും സുതാര്യതയില്ലാതെ കൈക്കലാക്കുന്ന വഖഫ് നിയമം അതേപടി നിലകൊള്ളണമെന്നാഗ്രഹിക്കുന്നവർ ഈ രാജ്യത്തെ സാധാരണ ജനതയെ ഒന്നടങ്കം ദ്രോഹിക്കുകയാണ്. ആരുടെ സ്വത്തും കയ്യടക്കാൻ ഏകപക്ഷീയമായ അധികാരം നൽകുന്ന വഖഫിൻ്റെ സാധുതയും അതിന്മേൽ വരുത്തേണ്ട ഭേദഗതികളും പാർലമെൻ്റിൽ തുറന്ന ചർച്ചക്ക് വിധേയമാവുക തന്നെ വേണം. അടിക്കടി ഭരണഘടന ഉയർത്തിക്കാട്ടി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് വാചാലനാകുന്ന രാഹുൽ ഗാന്ധിക്കും വഖഫിൻ്റെ കാര്യത്തിൽ ദുരൂഹമായ മൗനമാണ്.
നിലവിലെ വഖഫ് നിയമങ്ങൾ തങ്ങൾക്കർഹതപ്പെട്ട സ്വത്ത് കൈവശം വക്കുന്നതിന് സാധാരണ പൗരന്മാർക്കുള്ള അവകാശങ്ങളെ പൂർണ്ണമായും ഹനിക്കുന്ന ഒന്നാണെന്ന് തുറന്ന് പറയാൻ രാഹുൽ ഗാന്ധിക്കും അദ്ദേഹം നേതൃത്വം നൽകുന്ന കോൺഗ്രസിനും കേരള ജനത ലോക് സഭയിലേക്ക് തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികൾക്കും എന്തേ കഴിയുന്നില്ല? ഇത് നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
മുനമ്പത്ത് വഖഫിൻ്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന കുടുബങ്ങളെ പിന്തുണക്കുമെന്ന് ലോക് സഭ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം മുനമ്പം ജനതയെ ഒറ്റിക്കൊടുക്കാനും വഖഫിന് കീഴടങ്ങാനുമാണ് കോൺഗ്രസ് പാർട്ടി തീരുമാനിച്ചത്. ഇത് കോൺഗ്രസിൻ്റെ ലജ്ജയില്ലാത്ത അവസരവാദ രാഷ്ട്രീയമാണ്. വഖഫ് പരിഷ്‌കരണങ്ങളോടും വഖഫ് ഭേദഗതി ബില്ലിനോടുമുള്ള കോൺഗ്രസ് പാർട്ടിയുടെ എതിർപ്പ് അവരുടെ രാഷ്ട്രീയ കാപട്യം വിളിച്ചറിയിക്കുന്നു.
കോൺഗ്രസിന് ഭൂരിപക്ഷം എംപിമാരുള്ള കേരളത്തിൽ മുനമ്പത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളി സമൂഹത്തിൽപ്പെട്ട നിരവധി ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയടക്കം വഖഫിൻ്റെ പേരിൽ തട്ടിയെടുക്കപ്പെടുന്ന അവസ്‌ഥയാണ്. മുനമ്പത്തെ സാധാരണക്കാരായ ജനത പതിറ്റാണ്ടുകളായി പരിപാലിച്ചും ആശ്രയിച്ച് ജീവിച്ചും പോന്ന ഭൂമിയാണിതെന്നോർക്കണം. കേന്ദ്രത്തിൽ ഒരുമിച്ചും കേരളത്തിൽ വെവ്വേറെയുമായി നിലകൊള്ളുന്ന ഇന്തി സഖ്യകക്ഷികളായ സി.പി.എമ്മും കോൺഗ്രസും മുനമ്പം നിവാസികളെ വഞ്ചിക്കുന്നതിൽ ഒറ്റക്കെട്ടാണ്.
ഒരുവശത്ത് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് വെളിച്ചത്തായപ്പോൾ മറുവശത്ത് അൽപ്പം പോലും നിയമസാധുതയില്ലാത്ത ഒരു ജുഡീഷ്യൽ കമ്മീഷനെ തിടുക്കത്തിൽ രൂപീകരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കേരളത്തിലെ സിപിഎം സർക്കാർ വൃഥാ വ്യായാമം ചെയ്തത്. എന്നാൽ പ്രസ്തുത നടപടി റദ്ദാക്കിക്കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ഇടതിന്റെ ആ ജനവഞ്ചനക്ക് അന്ത്യം കുറിച്ചു.
മുനമ്പത്ത് വഖഫിൻ്റെ പേരിൽ സ്വത്ത് നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം എക്കാലവും ഉറച്ച് നിൽക്കുന്ന ഒരേയൊരു പാർട്ടി ബിജെപിയാണ്. വഖഫ് ഭൂമി കൈയേറ്റം നിയമ ഭേദഗതിയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയു എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. തുടക്കം മുതൽ തന്നെ എൻഡിഎയും ബിജെപിയും മുനമ്പത്തെ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു, അവരുടെ ഭൂമി സംരക്ഷിക്കപ്പെടുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, പിന്മാറുകയുമില്ല.
ദുഷ്ടലാക്കോടെയുള്ള വഖഫ് നിയമങ്ങൾ പ്രതിനിധീകരിക്കുന്നത് സ്വത്തുക്കളുടേയും അധികാരത്തിനേറെയും അമിതമായ കേന്ദ്രീകരണമാണ്. വഖഫിൻ്റെ പേരിൽ അന്യരുടെ സ്വത്തു വകകൾ സ്വായത്തമാക്കുന്ന തരത്തിലുള്ള ദേദഗതികൾ എന്നെന്നേക്കുമായി റദ്ദാക്കി മുനമ്പത്തേതടക്കം ജനങ്ങളുടെ സമാധാനപരമായ ജീവിതം ഭദ്രമാക്കുകയാകണം ജനപ്രതിനിധികൾ ഏറ്റെടുക്കേണ്ട ചുമതല.
വഖഫ് നിയമത്തിലെ കാലോചിതമല്ലാത്ത വ്യവസ്ഥകൾ എന്നെന്നേക്കുമായി റദ്ദാക്കി കൂടുതൽ യാഥാർത്ഥ്യബോധമുള്ള ഭേദഗതികൾ വരുത്തി ന്യായമായ രീതിയിൽ ആരുടെയും ഭീഷണിയില്ലാതെ തങ്ങളുടെ ആർജ്ജിത സ്വത്ത് പരിപാലിക്കുന്നതിനും സുതാര്യമായ രീതിയിലും നാട്ടുനടപ്പനുസരിച്ചും ആർക്കും സ്വത്ത് വാങ്ങുന്നതിനു മുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ഉറപ്പാക്കേണ്ട സമയമാണിത്.