-->
കണ്ണൂര്‍: പാപ്പിനിശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിനു പിന്നില്‍ ബന്ധുവായ 12 വയസുകാരി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍ മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്.
കൂലിപ്പണിക്കാരാണ് ഇവര്‍. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതില്‍ നിന്ന് കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസുകാരിയെന്ന് കണ്ടെത്തി. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശൗചാലയത്തില്‍ പോകുന്ന സമയത്ത് അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പന്ത്രണ്ടുകാരി പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ രണ്ടു പെണ്‍കുട്ടികളും വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.
സഹോദരന്‍ മരിച്ചതിനാല്‍ കുറേക്കാലമായി ദമ്പതികളാണ് പെണ്‍കുട്ടികളെ വളര്‍ത്തിയിരുന്നത്. കുഞ്ഞു പിറന്നതോടെ, തന്നോടുള്ള സ്‌നേഹം കുറഞ്ഞുപോകുമെന്ന സംശയം കൊലപാതകത്തിന് കാരണമായി എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒറ്റയ്ക്കാണ് കുഞ്ഞിനെ കിണറ്റില്‍ കൊണ്ടുപോയി ഇട്ടതെന്നാണ് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചത്. വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.