-->
ഭൂവനേശ്വര്‍ : പുരി ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജപ്പാന്‍ യോഗ അധ്യാപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിദേശത്ത് നിന്നും ഇന്ത്യയില്‍ എത്തുകയും ഇന്ത്യ ഇഷ്ടപ്പെടുകയും അതില്‍ ഇന്ത്യയില്‍ തന്നെ താമസിക്കാനിഷ്ടപ്പെടുന്നവരും താമസം ഉറപ്പിക്കുന്നവരും ഉണ്ട്. അങ്ങനെയൊരാളാണ് . ജപ്പാനിലെ കനസാവയില്‍ നിന്നുള്ള യോഗ അധ്യാപികയാണ് അകി ഡോയി.
2022 -ലെ ആദ്യയാത്രയില്‍ തന്നെ സാംസ്‌കാരികപരമായും ചരിത്രപരമായ ഒഡീഷയിലെ പുരി ബീച്ചു അകി ഡോയിക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. എന്നാല്‍, അടുത്തിടെ അവര്‍ പുരി സന്ദര്‍ശിച്ചത് പതിവ് പോലെ ആയിരുന്നില്ല. ആ വരവില്‍ ഒരു ശുചിത്വ യജ്ഞം തന്നെ ഡോയി ആരംഭിച്ചു. പുരി ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് പിന്നീട് അവര്‍ തന്റെ സമയം മാറ്റി വച്ചത്.
കഴിഞ്ഞ രണ്ട് മാസമായി 38 -കാരിയായ ഡോയി സജീവമായി ബീച്ചിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ജഗന്നാഥന്റെ ചിത്രവും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ബാനറും കൊണ്ടാണ് ഡോയി പുരി മറൈന്‍ ഡ്രൈവിലൂടെ നടക്കുന്നത്. ഒപ്പം മാലിന്യങ്ങള്‍ അവിടേയും ഇവിടേയും വലിച്ചെറിയാതെ എങ്ങനെ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന് നാട്ടുകാരോടും വിനോദ സഞ്ചാരികളോടും നിരന്തരം സംസാരിക്കുകയും ചെയ്യുന്നുണ്ട് അവര്‍.
എന്തായാലും, ഡോയിയുടെ ഈ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല എന്നാണ് കരുതുന്നത്. ഒരുപാടുപേരാണ് ഡോയിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. താന്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ തന്നെ സന്തോഷിപ്പിക്കുന്നുണ്ട് എന്നും ഇത് താന്‍ ഇഷ്ടപ്പെടുന്നു എന്നുമാണ് ഡോയി പറയുന്നത്.