-->
സ്‌റ്റേജ് 3 സ്തനാര്‍ബുദത്തോടുളള ധീരമായ പോരാട്ടത്തിലാണ് നടി ഹിന ഖാന്‍. രോഗത്തെക്കുറിച്ചും ചികിത്സയിലെ പുരോഗതിയെക്കുറിച്ചുമൊക്കെയുളള കാര്യങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കൈനഖത്തിലെ നിറവിത്യാസത്തിന് കാരണമെന്തെന്ന് ചോദിച്ചവര്‍ക്കുളള മറുപടിയുമായി എയത്തിയിരിക്കുകയാണ് ഹിന. അര്‍ബുദചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ പാര്‍ശ്വഫലമാണ് നഖത്തിന് നിറവ്യത്യാസം വന്നതെന്നാണ് നടിയുടെ മറുപടി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയലൂടെയായിരുന്നു ഹിനയുടെ പ്രതികരണം.
നിങ്ങളില്‍ ഒരുപാടുപേര്‍ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിലെ ചിലര്‍ ഉള്‍പ്പെടെ എന്റെ നഖങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്. ഞാന്‍ നെയില്‍ പോളീഷ് ഒന്നും ഉപയോഗിച്ചിട്ടില്ല. നെയില്‍ പോളിഷ് ഇട്ട് എങ്ങനെ പ്രാര്‍ഥിക്കാനാകും. എന്റെ പ്രിയപ്പെട്ടവരെ തലച്ചോറ് അല്‍പം പ്രവര്‍ത്തിപ്പിച്ച് നോക്കൂ. കീമോ തെറാപ്പിയുടെ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് നഖത്തിലുളള നിറവ്യത്യാസം. എന്റെ നഖങ്ങള്‍ എളുപ്പത്തില്‍ ഒടിയുന്നവിധത്തിലായിക്കഴിഞ്ഞു. വരണ്ടിരിക്കുകയാണ്. ചിലപ്പോള്‍ അത് അടിയിലെ ത്വക്കില്‍നിന്ന് ഉയര്‍ന്നുനില്‍ക്കും. പക്ഷേ.. നിങ്ങള്‍ക്കറിയാമോ ഇതിന്റെ നല്ല വശം എന്താണെന്ന്, ഇതെല്ലാം താല്‍ക്കാലികമാണ്. മാത്രമല്ല ഓര്‍ക്കൂ.. നാം രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ് , ഹിന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
2024 ജൂണ്‍മാസത്തിലാണ് അര്‍ബുദബാധിതയാണെന്ന് ഹിന ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളായ യേ രിഷ്താ ക്യാ കെഹ്ലാതാ ഹേ, കസൗട്ടി സിന്ദ്ഗി കീ തുടങ്ങിയവയിലൂടെ പ്രശസ്തയാണ് ഹിന.