-->
കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന നടനും ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രശസ്ത മുഖര്‍ജി കുടുംബാംഗവുമായ ദേബ് മുഖര്‍ജി അന്തരിച്ചത്. ഫില്‍മാലയ സ്റ്റുഡിയോസ് സ്ഥാപകനും നിര്‍മാതാവുമായ ശശധര്‍ മുഖര്‍ജിയുടെയും സതീദേവിയുടെയും മകനാണ് ദേബ്.
ഇപ്പോഴിതാ നടന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബന്ധുവും നടിയുമായ കജോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കജോള്‍ പോസ്റ്റ് പങ്കുവെച്ചത്.
ദുര്‍ഗ പൂജയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് ചിത്രങ്ങളെടുക്കുമായിരുന്നു. നല്ലരീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുമായിരുന്നു. അദ്ദേഹമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുളള ചിന്തകളുമായി ഞാന്‍ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യന്‍. നിങ്ങളെ എപ്പോഴും സ്‌നേഹിക്കുകയും ഓര്‍ക്കുകയും ചെയ്യും. എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാന്‍ നിങ്ങളെ മിസ് ചെയ്യും- കജോള്‍ കുറിച്ചു.
ദേബിനൊപ്പമുളള ചിത്രവും കജോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംബന്ധ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ദേബ് മുഖര്‍ജി സിനിമയിലെത്തിയത്. ഏക് ബാര്‍ മുസ്‌കുരാ ദോ, ജോ ജീത്ത വഹി സികന്ദര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.