-->
അഭിനയിക്കുന്ന സിനിമകളേക്കാളേറെ അഭിമുഖങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റേതായി ഒരു വര്‍ഷം എത്തുന്ന സിനിമകള്‍ ഏറെയാണ്. അതില്‍ ചിലതൊക്കെ മാത്രമാണ് വിജയിക്കുന്നത്. എങ്കിലും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ഡിജിറ്റല്‍ സ്റ്റാറാണ് ധ്യാന്‍. അഭിമുഖങ്ങളില്‍ നര്‍മ്മരസം കലര്‍ത്തിയും പ്രേക്ഷകരെ ആസ്വദിപ്പിച്ചും വളരെ രസകരമായി സംസാരിക്കുന്നതാണ് ധ്യാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ആരെയും വെറുപ്പിച്ചോ ദേഷ്യത്തോടെ മറുപടി പറഞ്ഞോ ധ്യാനിനെ ആരാധകര്‍ കണ്ടിട്ടേയില്ല.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസത്തില്‍ ‘ആപ് കൈസേ ഹോ’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനോട് ധ്യാന്‍ ശ്രീനിവാസന്‍ പൊട്ടിത്തെറിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണോ ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിലേക്ക് എത്തിച്ചത്. ആദ്യം ചോദ്യത്തോട് സംയമനത്തോടെ പ്രതികരിച്ച ധ്യാന്‍ ചോദ്യം ആവര്‍ത്തിച്ചതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന്റെ അവാര്‍ഡ് ചടങ്ങിനിടെ ഇക്കാര്യത്തില്‍ ധ്യാന്‍ തന്റെ ഭാഗമെന്തായിരുന്നു എന്ന് പറയുകയാണ്. ചോദ്യത്തിനേക്കാളേറെ ഉത്തരം പറയാന്‍ സാവകാശം തരാഞ്ഞതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ധ്യാന്‍ പറയുന്നു.
‘‘കള്ളപ്പണവുമായി ബന്ധപ്പെട്ട ചോദ്യം എനിക്കെതിരേയുള്ള ആരോപണം അല്ല. എന്നെ വച്ച് സിനിമകള്‍ ചെയ്ത പ്രൊഡ്യൂസര്‍മാര്‍ക്ക് എതിരേയാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ വലിയ ബാനറുകള്‍ക്കു വേണ്ടി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇവരൊക്കെ കള്ളപ്പണക്കാരാണെന്നു പറയുമ്പോള്‍ എനിക്ക് വലിയ വിഷമം ഒന്നുമില്ല. പക്ഷേ എന്നാലും ആ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള സാവകാശം എനിക്ക് കിട്ടിയില്ല. അവന്‍ ചോദിച്ച ചോദ്യം പലരും യൂട്യൂബിലൊക്കെ കമന്റായിട്ട് ഇടുന്ന ചോദ്യമാണ്. അതൊക്കെ ശരിയാണ്. അങ്ങനെ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങളുണ്ടാകും. ഊഹാപോഹങ്ങളുണ്ടാകും. അവന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ എനിക്ക് സാവകാശം ലഭിക്കാതായപ്പോള്‍ ലാസ്റ്റ് ‘നിനക്ക് സിനിമയെക്കുറിച്ച് എന്തെങ്കിലും അറിയാമോ’ എന്ന് ചോദിക്കേണ്ടി വന്നു.
അല്ലാതെ എനിക്ക് അവനോട് യാതൊരു വിരോധവും ഇല്ല. ഞാന്‍ അവനോട് ‘അവിടെ ഇരുന്നോളൂന്ന്’ എന്നും പറഞ്ഞു. അതിനിടയില്‍ ഞാന്‍ കണ്ട കാര്യം, ഇവന്‍ ആ ഓണ്‍ലൈന്‍ മീഡിയ അസോസിയേഷനില്‍ പെട്ട ആളായിട്ടും അവിടെയുള്ള ആള്‍ക്കാര്‍ ‘നീ എന്തിനാടാ ഇങ്ങനൊക്കെ ചോദിക്കുന്നത്’ എന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു പോയി.
എന്റെ സിനിമകള്‍ ഓടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുണ്ട്. ഈ മോന്റെ സിനിമ ഇതെങ്കിലും ഒന്ന് ഓടിയാല്‍ മതിയാരുന്നു എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരുപാട് പേരുണ്ട്. എന്നെങ്കിലും അത് സംഭവിക്കും. ഒരു നാള്‍ വരും...’’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
‘കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍’ എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണ്ടേ എന്നുമാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ അന്ന് ചോദിച്ചത്. ‘‘യുട്യൂബിന്റെ താഴെ വരുന്ന കമന്റ് കണ്ടാണോ ഓരോന്ന് ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചത്. യുട്യൂബിന്റെ താഴെ വരുന്ന കമന്റ് അല്ലാതെ സിനിമയെ കുറിച്ച് വേറെ എന്തെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ മിണ്ടരുത്...’’ എന്നായിരുന്നു ധ്യാന്‍ അതിനുള്ള മറുപടി പറഞ്ഞത്. ധ്യാനിന്റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടി ലഭിച്ചു, അതോടൊപ്പം ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ നിരവധി പേര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.