-->
എടത്വാ: പ്രിയയും കൃഷ്ണപ്രിയയും യാത്രയായി. തകഴി കേളമംഗലം വിജയഭവനം ഇനി അനാഥം. കഴിഞ്ഞ ദിവസം തകഴിയില്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും മകള്‍ക്കും ഉറ്റവരും നാട്ടുകാരും വേദനയോടെ വിടചൊല്ലി. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം വിജയ നിവാസില്‍ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകള്‍ പ്രിയ (46), മകള്‍ കൃഷ്ണപ്രിയ(15) എന്നിവരാണ് 13ന് ഉച്ചയ്ക്കു തകഴി ആശുപത്രിക്ക് സമീപത്ത് ജീവനൊടുക്കിയത്.
മാതാപിതാക്കളും ഏക സഹോദരനും മരണമടഞ്ഞതോടെ ആരുമില്ലാതായ കുടുംബവീട്ടില്‍ പ്രിയയും മകളുമാണ് ഏറെക്കാലമായി താമസിച്ചിരുന്നത്. ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവ് മഹേഷുമായി പിരിഞ്ഞുകഴിയുന്ന പ്രിയ വിവാഹമോചനത്തിനുള്ള നിയമനടപടിയിലായിരുന്നു. വീയപുരം പഞ്ചായത്ത് ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയുടെ ജീവിതം യാതനകള്‍ നിറഞ്ഞതായിരുന്നു. പടഹാരം സ്വദേശി മഹേഷുമായി വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ക്കുള്ളില്‍ പ്രശ്‌നങ്ങളായി.
ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളില്‍ വീര്‍പ്പുമുട്ടിയിരുന്ന പ്രിയയുടെ എല്ലാമെല്ലാമായിരുന്നു കൃഷ്ണപ്രിയയെന്ന് അയല്‍വാസികള്‍ പറയുന്നു. പഠനത്തില്‍ കൃഷ്ണപ്രിയ മികവ് പുലര്‍ത്തിയെങ്കിലും അടുത്തിടെ നടന്ന പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ആശങ്ക പ്രിയയെ കടുത്ത മാനസിക സമ്മര്‍ദത്തില്‍ എത്തിച്ചിരുന്നു. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ച കൃഷ്ണപ്രിയയെ തുടര്‍ പഠനത്തിന് ഉന്നത നിലവാരമുള്ള സ്‌കൂളില്‍ ചേര്‍ക്കുമെന്ന് അവര്‍ സഹപ്രവര്‍ത്തകരോട് പറയുമായിരുന്നു. ഒരു മാസം അവധിയെടുത്ത് മകള്‍ക്കൊപ്പം കൂട്ടിരുന്നു പ്രിയ പഠിപ്പിക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദം ഏറിയതോടെ കൗണ്‍സിലിംഗിന് പോയി.
ഇതിനിടെ ഹെഡ് ക്ലര്‍ക്കില്‍നിന്ന് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് പ്രമോഷനും ലഭിച്ചു. കുടുംബ പ്രശ്‌നങ്ങളും ഏക മകള്‍ക്ക് ഇത്തവണ മാര്‍ക്ക് കുറയുമോയെന്ന ആധിയും താങ്ങാനാകാതെ പ്രിയ മകളേയുംകൂട്ടി ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. സംഭവ ദിവസവും അയല്‍പക്കത്തെ വീട്ടുകാരോട് കുശലം പറഞ്ഞാണ് കൃഷ്ണപ്രിയ അമ്മയുമൊത്ത് വീട്ടില്‍നിന്ന് ഇറങ്ങിയത്. മണിക്കൂറുകള്‍ക്കുശേഷം എത്തിയ ഇരുവരുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. കൊടിക്കുന്നില്‍ സുരേഷ് എം.പി, ആലപ്പുഴ ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.