-->
ബോളിവുഡില്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് വിളിപ്പേരുള്ള സൂപ്പര്‍ താരമാണ് ആമീര്‍ ഖാന്‍. കോളജ് കുമാരന്‍ കഥാപാത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് പക്വതയുള്ള അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടി. സാമൂഹികപ്രസക്തിയുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ താരം ഇന്നും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം താരം 60 വയസ് തികയുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തിയിരുന്നു. ഇന്നത്തെ പിറന്നാളാഘോഷത്തിന് മുന്നോടിയായിട്ടായിരുന്നു താരം മാധ്യമങ്ങള്‍ക്കായി മുംബൈയില്‍ ഒരു ട്രീറ്റ് സംഘടിപ്പിച്ചത്. ട്രീറ്റില്‍ താരം കേക്ക് മുറിക്കുകയും എല്ലാവര്‍ക്കുമത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അതിനിടെ താരം തന്റെ പുതിയ പങ്കാളിയെ പരിചയപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. ദീർഘകാലമായി പരിചയമുള്ള ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്നാണ് താരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഗൗരിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ 25 വർഷത്തിലേറെയായി അവരെ അറിയാമെന്നും ആമിർ ഖാൻ പറഞ്ഞു.
ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താൻ ലിവിങ് ടുഗതറിലാണെന്ന് താരം വെളിപ്പെടുത്തി. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിർ ഖാൻ പറഞ്ഞു. പുതിയ ബന്ധത്തില്‍ സന്തോഷവാനാണെന്നും താരം കൂട്ടിച്ചേർത്തു.
‘‘ഗൗരിയും ഞാനും 25 വർഷം മുമ്പ് കണ്ടുമുട്ടി, ഇപ്പോള്‍ ഞങ്ങള്‍ പങ്കാളികളാണ്. ഞങ്ങള്‍ റിലേഷനില്‍ വളരെ ഗൗരവമുള്ളവരും പരസ്പരം പ്രതിബദ്ധതയുള്ളവരുമാണ്. ഒന്നര വർഷമായി ഞങ്ങള്‍ ഒരുമിച്ചാണ് കഴിയുന്നത്... ഗൗരി പ്രാെഡക്ഷൻ മേഖലയില്‍ ജോലി ചെയ്യുന്നു. ഞാൻ എല്ലാ ദിവസവും അവള്‍ക്കായി പാടാറുണ്ട്... എന്റെ കുട്ടികള്‍ വളരെ സന്തുഷ്ടരാണ്. എന്റെ മുൻ ഭാര്യമാരുമായി ഇപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുന്നതില്‍ ഞാൻ ഭാഗ്യവാനാണ്...’’ ആമിർ പറഞ്ഞു. ഇന്നലെ മുംബൈയിലെ തന്റെ വീട്ടില്‍ വെച്ച് സഹതാരങ്ങളായ ഷാരൂഖ് ഖാനും സല്‍മാൻ ഖാനും തന്റെ കാമുകിയെ പരിചയപ്പെടുത്തിയതായും ആമീര്‍ പറഞ്ഞു.
മാധ്യമങ്ങളോട് സംവദിക്കുന്നതിനിടയിൽ ഗൗരി വളരെ സുന്ദരിയായി കാണപ്പെട്ടു. ആമിർ തനിക്ക് വേണ്ടി ചെയ്ത ഏറ്റവും റൊമാന്റിക് കാര്യം എന്താണെന്ന് ഗൗരിയോട് ചോദിച്ചപ്പോള്‍, ആമീര്‍ ദിവസവും എന്തെങ്കിലും സ്പെഷ്യലായി ചെയ്യാറുണ്ടെന്ന് ഗൗരി പറഞ്ഞു. ഖാൻ ഒരു റൊമാന്റിക് വ്യക്തിയാണോ എന്ന് ചോദിച്ചപ്പോൾ,‘അതെ, വളരെ ശരിയാണ്’ എന്ന് മറുപടി നൽകി.
ബെംഗളൂരു സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിർ ഡേറ്റിങ്ങിലാണെന്ന് നേരത്തെ വാർത്തകള്‍ പുറത്തുവന്നിരുന്നു. യുവതിയെ ആമിർ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഈ വാർത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിരുന്നില്ല.
മുൻപ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് 60-കാരനായ ആമിർ ഖാൻ. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവർ 2002-ല്‍ വേർപിരിഞ്ഞു. ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീർ പരിചയപ്പെടുന്നത്. 2005-ല്‍ ഇവർ വിവാഹിതരായി. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമീറും കിരണും വേർപിരിഞ്ഞു.