-->
കളമശേരി: വിവാഹവാഗ്ദാനം നല്‍കി ബംഗളൂരുവിലെ മലയാളി യുവതിയില്‍നിന്നു പണവും വാഹനവും തട്ടിയെടുത്തെന്ന കേസില്‍ 'വ്യാജ ഐ.പി.എസു'കാരന്‍ അറസ്റ്റില്‍. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി സ്‌കൈ വ്യൂവില്‍ കാര്‍ത്തിക് വേണുഗോപാലി(വിപിന്‍ കാര്‍ത്തിക്-31)നെയാണു കളമശേരി പോലീസ് പിടികൂടിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കളമശ്ശേരി പോലീസ് ഇയാളെ ബംഗളൂരു പോലീസിനു കൈമാറി.
വിവാഹവാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളില്‍നിന്നു പണം തട്ടിയെടുത്തു, വ്യാജരേഖചമച്ചു പണം തട്ടല്‍, വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി നിരവധി ബാങ്കുകളില്‍നിന്നും വായ്പയെടുത്തു തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്. വിവാഹവാഗ്ദാനം നല്‍കി ബംഗളൂരുവിലെ മലയാളി യുവതിയില്‍നിന്നു പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാന്‍സറാണെന്നു വിശ്വസിച്ചിച്ചു വിവാഹത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബംഗളൂരു സിറ്റി പോലീസ് പരിധിയിലുള്ള കൊടുങ്ങോടി പോലീസ് സ്‌റ്റേഷനിലാണു കേസ്.
ബംഗളൂരു സിറ്റി പോലീസ് കമ്മിഷണറുടെ ആവശ്യപ്രകാരം കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഡി.സി.പി: അശ്വതി ജിജി, തൃക്കാക്കര എ.സി.പി ബേബി പി.വി എന്നിവരുടെ നേതൃത്വത്തില്‍ കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലത്തീഫ് എം.ബി, എസ്.ഐ അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു മാഹിന്‍, ലിബിന്‍ കുമാര്‍, ശ്രീജിത്ത്, കലേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇടപ്പള്ളിയില്‍ നിന്നും പ്രതിയെ പിടികുടിയത്.
ഇയാളില്‍ നിന്നും ഫോണ്‍, ലാപ്‌ടോപ്പ്, പണം എന്നിവ പോലീസ് പിടിച്ചെടുത്തു. പുതുനഗരം, ചിറ്റൂര്‍, ഗുരുവായൂര്‍, നാദാപുരം, വടകര, തലശ്ശേരി, എറണാകുളം സെന്‍ട്രല്‍ തുടങ്ങി വിവിധ സ്‌റ്റേഷനുകളിലും ബംഗളൂരുവിലെ ചില സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്.