-->
തിരുവനന്തപുരം: തുഷാര്‍ ഗാന്ധിയെ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസും സിപിഐയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. രണ്ടു പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ശക്തമായി പ്രതികരിച്ചു. കേരളത്തിന് അപമാനമുണ്ടായ സംഭവമാണെന്നും ഇവിടുത്തെ മതേതര മനസ്സ് മാപ്പു നല്‍കില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രതികരിച്ചു. ധിക്കാരപരവും മാപ്പില്ലാത്ത കുറ്റമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു.
നെയ്യാറ്റിന്‍കരയിലെ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് എത്തിയതായിരുന്നു മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരേ പ്രതിഷേധിച്ചു. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നല്‍കില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്‍ പറഞ്ഞു.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആര്‍ എസ് എസ്- ബി ജെ പി അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മതേതര, ജനാധിപത്യ ബോധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മുറിവേല്‍പ്പിക്കുന്ന ഈ പ്രവൃത്തിയെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടുമെന്നു കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ''രാജ്യത്തിന്റെ ആത്മാവില്‍ സംഘപരിവാര്‍ ശക്തികള്‍ ക്യാന്‍സര്‍ പടര്‍ത്തുന്നു എന്ന തുഷാര്‍ ഗാന്ധിയുടെ പ്രസ്താവനയായിരുന്നു വിവാദമായത്. തുടര്‍ന്നാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ചയിരുന്നു തുഷാര്‍ഗാന്ധിയുടെ മറുപടി.