-->
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിന് ഭാഷയും ദേശവും കടന്നുള്ള ആരാധകരുണ്ട്. ഈയടുത്തായി തമിഴിലും മമ്മൂട്ടിയുടേതായി എത്തുന്ന സിനിമകള്‍ക്ക് വലിയ ജനപ്രീതിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്വമയത്തോടെ അഭിനയിപ്പിക്കുന്നതില്‍ മമ്മൂട്ടിക്കുള്ള കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്. വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് പ്രഗല്ഭരായ കലാകാരന്മാര്‍ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തുകയാണ് ഇതിഹാസ നടി ഷബാന ആസ്മി. കാതല്‍ ദി കോർ എന്ന സിനിമയില്‍ അഭിനയിച്ച് ആ സിനിമ നിർമ്മിക്കുക എന്നത് വലിയ കാര്യമാണെന്നും പൗരുഷാടയാളങ്ങളുള്ള നായകനെ വെല്ലുവിളിക്കുന്ന റോളായിരുന്നു അത് എന്നും അദ്ദേഹത്തോട് വലിയ ബഹുമാനമാണ് ഉള്ളതെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷബാന ആസ്മി പറഞ്ഞു.
‘‘മലയാള സിനിമയെ നോക്കൂ. മമ്മൂട്ടിയെ നോക്കൂ. മമ്മൂട്ടി ഒരു വലിയ നടനാണ്. ഒരു നടൻ എന്നതുപോലെ അദ്ദേഹം ഒരു വലിയ താരമാണ്. ജ്യോതികയുമൊത്ത് അദ്ദേഹം അഭിനയിച്ച സിനിമ, അത് നിർമ്മിച്ചതും അദ്ദേഹമാണ്. പൗരുഷാടയാളങ്ങളുള്ള ഒരു നായകൻ എന്നതിനെ വെല്ലുവിളിക്കുന്നതായിരുന്നു അത്. ഞാൻ അതിശയിച്ചുപോയി. അദ്ദേഹത്തോട് വലിയ ബഹുമാനം മാത്രം.
ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചില്ല, ജ്യോതികയോട് സംസാരിച്ചു. അവർ സൂര്യയ്ക്കൊപ്പം ഒരു സ്ക്രീനിങ് ശരിപ്പെടുത്തിയിരുന്നു. എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അത്തരം ഒരു വേഷം ചെയ്യേണ്ട കാര്യം അദ്ദേഹത്തിനില്ല. അത് ആരും ചെയ്യില്ല. ആ സിനിമ അദ്ദേഹം നിർമ്മിച്ചു. അസാധ്യം. ആ വേഷം ചെയ്യാൻഎളുപ്പമല്ല. വളരെ ബോധ്യത്തോടെ വേണം അങ്ങനെയൊരു തീരുമാനമെടുക്കാൻ....’’ഷബാന ആസ്മി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ ഷബാന ആസ്മി പദ്മ ഭൂഷണ്‍, പദ്മശ്രീ, അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ തുടങ്ങി വിവിധ അവാർഡുകള്‍ നേടിയിട്ടുണ്ട്. 1974ല്‍ അങ്കൂർ എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ച താരത്തിന് ആ സിനിമയില്‍ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം കിട്ടി. 2023ല്‍ പുറത്തിറങ്ങിയ ഘൂമർ ആണ് താരത്തിന്റേതായി അവസാനമെത്തിയ സിനിമ.
മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയാണ് കാതല്‍ ദി കോർ. ആദർശ് സുകുമാരൻ, പോള്‍സണ്‍ സ്കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമ മമ്മൂട്ടിക്കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മിച്ചത്. 2023 ല്‍ തീയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ മാത്രമല്ല മികച്ച സിനിമ, കഥ, സംഗീതസംവിധാനം, പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെ നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി.