-->
സൈക്കോളജിക്കല്‍ ട്രിക്കുകളും മാജിക്കുകളും ഉപയോഗിച്ച്, ആളുകളുടെ ചിന്തകളെ സ്വാധീനിക്കുകയും എന്റര്‍ടൈന്‍മെന്റ് ഷോ സംഘടിപ്പിക്കുകയും ചെയ്യുന്ന ‘മെന്റലിസം’ എന്ന കലയിലൂടെ കേരളത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ആദര്‍ശ് കൊല്ലാടത്ത് എന്ന മെന്റലിസ്റ്റ് ആദി. ഇന്ത്യയിലും വിദേശത്തുമായി നിരവധി മെന്റലിസം ഷോകള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. സെലിബ്രിറ്റികളടക്കമുള്ളവര്‍ ആദിയുടെ വലിയ ആരാധകരാണ്.
ഇപ്പോഴിതാ മെന്റലിസ്റ്റ് ആദിയുടെ പെർഫോമൻസ് നേരില്‍ കണ്ടതിന്റെ വൈകാരികമായ അനുഭവം പങ്കുവയ്ക്കുകയാണ് കാവ്യ മാധവൻ. വളരെ അപൂര്‍വ്വമായി മാത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന കാവ്യ, അത്രമേല്‍ തന്നെ സ്പര്‍ശിച്ച സംഭവമായതു കൊണ്ടാകാം ആദിയുടെ ഒരു പ്രോഗ്രാം കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ആദിയുടെ കരിയറിന്റെ തുടക്കം മുതലേയുള്ള യാത്രകള്‍ കണ്ട വ്യക്തിയെന്ന നിലയില്‍ ഈ നേട്ടം ഏറെ സന്തോഷം നല്‍കുന്നുവെന്നും, വ്യക്തിപരമായി ഇത് തന്റെ കൂടി വിജയമായാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കണ്ടിട്ടും താൻ മാത്രമാണ് ആദ്യമായി ഈ ഷോ കാണുന്നതെന്നും കാവ്യ കൂട്ടിച്ചേർത്തു.
‘‘ആദിയുടെ യാത്ര തുടക്കം മുതല്‍ കാണുന്ന ആളാണെങ്കിലും, ആദ്യമായിട്ടാണ് പ്രോഗ്രാം കാണാനുള്ള അവസരം ലഭിച്ചത്. കരിയറിന് തുടക്കത്തിന് മുന്നെയുള്ള ഒരു സ്‌റ്റേജുണ്ടല്ലോ, അത് ഏറ്റവും കൂടുതല്‍ അടുത്ത് കണ്ടിട്ടുള്ള ആളാണ് ഞാന്‍. എന്റെ ഫ്രണ്ട്‌സ് എല്ലാവരും കണ്ടു, എന്റെ റിലേറ്റീവ്‌സ് എല്ലാവരും കണ്ടു.. ഞാന്‍ മാത്രം ആദിയുടെ ഒരു ഷോ കണ്ടിട്ടില്ല. കേരളത്തില്‍ ഇത്രയധികം ഷോകള്‍ നടന്നിട്ടും കാണാത്ത ഞാന്‍, ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വന്നിട്ടാണ് ഒരു ഷോ കാണുന്നത്.
ഈ രണ്ടര മണിക്കൂർ എല്ലാതരം ഇമോഷൻസിലൂടെയും ഞാൻ കടന്നുപോയി. ഞാൻ എവിടെയൊക്കെയോ കരഞ്ഞു. എന്റെ പഴയ കാലങ്ങള്‍ ഓർമ്മ വന്നു. ചിലയിടത്തൊക്കെ നഷ്ടബോധവും, ചിലയിടത്ത് ഭയങ്കര സന്തോഷവും തോന്നി, ഉറക്കെ കരയാന്‍ തോന്നിയ അവസരങ്ങളും ഉണ്ടായി.. ആ ഒരു അനുഭവം ആദിയുടെ ഷോ കാണുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്.
ചെറിയ കുട്ടിയായതിനാല്‍ രണ്ടര മണിക്കൂർ നീളുന്ന ഷോയില്‍ മാമാട്ടി അടങ്ങിയിരിക്കുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. മഹാലക്ഷ്മി മോളെ മുന്‍പ് പലപ്പോഴും ആദി കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ചെയ്ത് ഞെട്ടിച്ചിട്ടുണ്ട്. അതില്‍ തന്നെ അവള്‍ക്ക് ഭയങ്കര കൗതുകമായിരുന്നു. എന്നാലും രണ്ടര മണിക്കൂര്‍ ഷോയ്ക്ക് മകളെയും കൂട്ടി വരുമ്പോള്‍ എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു, അവളിരുന്ന് കാണുമോ എന്ന്. എന്നാല്‍ ഇതിനുമുൻപും ആദിയെ കണ്ട് പരിചയമുള്ള അവള്‍ നന്നായി ആസ്വദിച്ചു, അതും എനിക്ക് സന്തോഷമുള്ള കാര്യമാണ്.
സദസ്സ് ആദിക്കായി കൈടിക്കുമ്പോള്‍ ആ കൈയടി എനിക്ക് കൂടി ലഭിക്കുന്നതുപോലെയാണ് തോന്നിയത്...’’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ കാവ്യ പറയുന്നത്. കാവ്യ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. അമ്മ ശ്യാമളയ്ക്കും മകള്‍ മഹാലക്ഷ്മിക്കും (മാമാട്ടി) ഒപ്പമാണ് തമിഴ്നാട്ടില്‍ വെച്ച് നടന്ന ആദിയുടെ ഷോ കാണാൻ കാവ്യ എത്തിയത്. ഗായിക കെ.എസ് ചിത്ര, ശിവാംഗി തുടങ്ങിയവരും ഷോ കാണാൻ എത്തിയിരുന്നു.
‘‘തുടക്കം മുതൽ തന്നെ അദ്ദേഹത്തിന്റെ യാത്ര കണ്ടിട്ടുള്ളതിനാൽ, ഇത് എനിക്ക് വ്യക്തിപരമായ ഒരു വിജയമായി തോന്നുന്നു. അദ്ദേഹത്തിന്റെ പരിശ്രമം, അഭിനിവേശം, വഴിയിലെ ഓരോ ചെറിയ ചുവടുവയ്പ്പും ഞാൻ കണ്ടിട്ടുണ്ട്. ആദി ആദ്യമായി വേദിയിൽ പ്രകടനം കാണുന്നത് ശരിക്കും ഒരു പ്രത്യേക അനുഭവമായിരുന്നു. ആ നിമിഷത്തിൽ എനിക്ക് തോന്നിയത് വിവരിക്കാൻ എനിക്ക് ശരിയായ വാക്കുകൾ കിട്ടുന്നില്ല. എനിക്ക് അത് ഒരു വൈകാരിക റോളർകോസ്റ്ററായിരുന്നു. എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു മികച്ച ഷോ. അത് നേരിട്ട് കാണാൻ കഴിഞ്ഞതിൽ എനിക്ക് വളരെ നന്ദിയുണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കാവ്യ മാധവന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുത്ത മെന്റലിസ്റ്റ് ആദിയുടെ ഷോയെക്കുറിച്ചുള്ള കാവ്യയുടെ ഈ കുറിപ്പിന് താഴെ നിരവധി പേരാണ് സ്നേഹം അറിയിച്ചുകൊണ്ട് കമന്റുകളുമായി എത്തിയിരിക്കുന്നത്.