-->
രണ്‍വീര്‍ സിങ്- ആദിത്യ ധര്‍ ചിത്രം ' ധുരന്ധര്‍ 2' വിനെ പ്രശംസിച്ച് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍. സിനിമയിലെ അണിയറപ്രവര്‍ത്തകരെയും പ്രകടനങ്ങളെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവച്ചു.
'' ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു കൊടുങ്കാറ്റ് തന്നെ എത്തിച്ച ' ധുരന്ധര്‍: ദി റിവഞ്ച് ' ടീമിന് വലിയൊരു സല്യൂട്ട്. രണ്‍വീര്‍ വെറുമൊരു അദ്ഭുതം മാത്രമല്ല... അദ്ദേഹം സ്‌ക്രീനില്‍ കാഴ്ചവെച്ചിരിക്കുന്നത് ഒരു സമ്പൂര്‍ണ്ണ മാസ്റ്റര്‍ക്ലാസ് പ്രകടനമാണ്.
ഇത്തരമൊരു ചിത്രം ഒരുക്കാന്‍ വലിയ ആത്മവിശ്വാസവും ഭയമില്ലാത്ത കാഴ്ചപ്പാടും വേണം, ആദിത്യ ധര്‍ സര്‍ ഓരോ ഫ്രെയിമിലും ആ കരുത്ത് കൊണ്ടുവരുന്നുണ്ട്. ഓരോ രംഗത്തെയും അതിന്റെ ഉത്തമ തലത്തിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹം തന്റെ കൈവശമുള്ള എല്ലാ വിദ്യകളും ഉപയോഗിച്ചത് എഴുന്നേറ്റു നിന്ന് കൈയടിക്കേണ്ട ഒന്നാണ്. ഇത് നമ്മുടെ വികാരങ്ങളെ ഉണര്‍ത്തുന്നതും സിനിമ കഴിഞ്ഞ് പേരുകള്‍ കാണിച്ചു തീരുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നതുമായ ഒരു ചിത്രമാണ്. നടന്‍ മാധവന്‍ സര്‍ പതിവുപോലെ അനായാസമായി അഭിനയിച്ചിരിക്കുന്നു, അദ്ദേഹം വരുന്ന ഓരോ ഫ്രെയിമും തീയറ്ററില്‍ ആവേശം നിറയ്ക്കുന്നു. സഞ്ജയ് ദത്ത് സാറും രാം പാല്‍ സാറും മികച്ചതും ആഴവുമുള്ള പ്രകടനങ്ങളാണ് കാഴ്ചവെച്ചത്'', ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു.
സിനിമയിലെ സംഗീതത്തെ പ്രശംസിച്ചും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ നേര്‍ന്നുമാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ''ശാശ്വത് സച്ച്‌ദേവിന്റെ സംഗീതം ഓരോ രംഗത്തെയും ഉയര്‍ത്തിക്കൊണ്ട് മറ്റൊരു തലത്തിലെത്തുകയും സിനിമയ്ക്ക് കൂടുതല്‍ ആവേശം പകരുകയും ചെയ്യുന്നു. മുഴുവന്‍ ടീമിനും വലിയ വലിയ അഭിനന്ദനങ്ങള്‍. ഈ ചിത്രം ഒരുപാട് ദൂരം മുന്നോട്ട് പോകും'', ജൂനിയര്‍ എന്‍.ടി.ആര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ' ധുരന്ധര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ' ധുരന്ധര്‍: ദി റിവഞ്ച്' . മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. രണ്‍വീര്‍ സിങിനൊപ്പം സഞ്ജയ് ദത്ത്, മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.