-->
കണ്ണൂര്‍: പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തില്‍ വെട്ടിലായി സിപിഎം. ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ. ആന്തൂരിലെ സാജന്റെ മരണത്തില്‍ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കള്‍ മറുപടി പറയേണ്ടി വരും.
അതേസമയം, ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും. സിപിഎം വിട്ട ടികെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാര്‍ത്ഥിത്വം ജില്ലയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയേക്കും.