Saturday, March 14, 2026 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

പത്മകുമാറിനെ പുറത്താക്കല്‍; പത്മവ്യൂഹത്തില്‍ സി.പി.എം.

uploads/news/2026/03/830159/8.jpg

പത്തനംതിട്ട: സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍നിന്നു മുതിര്‍ന്ന നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റുമായ എ. പത്‌മകുമാറിനെ പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്നതു ബഹുമുഖ വെല്ലുവിളികള്‍. തെരഞ്ഞെടുപ്പുകാലത്തെ പുറത്താക്കല്‍ ദോഷകരമാകുമോയെന്നു നേതാക്കള്‍ക്കടക്കം ആശങ്ക. പുറത്താക്കപ്പെടുന്നപക്ഷം പത്മകുമാര്‍ നടത്തിയേക്കാവുന്ന വെളിപ്പെടുത്തലുകള്‍ തിരിഞ്ഞുകൊത്തുമെന്നതും തലവേദന.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ പത്മകുമാര്‍ സ്വാഭാവികജാമ്യം ലഭിച്ച്‌ ജയില്‍മോചിതനായി കഴിഞ്ഞ ദിവസമാണ്‌ ആറന്മുളയിലെ വീട്ടില്‍ എത്തിയത്‌. പിന്നാലെ അദ്ദേഹത്തെ സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പില്‍ നിന്ന്‌ ഒഴിവാക്കി. തുടര്‍ന്നാണ്‌ തപാല്‍ മാര്‍ഗം പുറത്താക്കല്‍ നോട്ടീസ്‌ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അയച്ചത്‌. ഉടന്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി ഉണ്ടാകുമെന്നുമായിരുന്നു ഉള്ളടക്കം. എന്നാല്‍, നോട്ടീസ്‌ വിഷയം പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റോ ജില്ലാ കമ്മിറ്റിയോ ചര്‍ച്ച ചെയ്‌തില്ലെന്നും സൂചനയുണ്ട്‌. സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണത്രേ നോട്ടീസ്‌ അയച്ചത്‌.
നോട്ടീസിന്‌ കഴിഞ്ഞദിവസം പത്മകുമാര്‍ മറുപടി നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടിക്ക്‌ അവമതിപ്പ്‌ ഉണ്ടാക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ലെന്നു മറുപടിയിലുണ്ടെന്നാണു സൂചന. താന്‍ ദേവസ്വം പ്രസിഡന്റായ കാലത്താണു കേസിന്‌ ആസ്‌പദമായ സംഭവമെന്നതിനാല്‍ സ്വാഭാവികമായും തനിക്കുമേല്‍കൂടി പഴിവരികയായിരുന്നു. എസ്‌.ഐ.ടിയുടെ ചോദ്യംചെയ്യലില്‍ മന്ത്രിമാരെ ഉള്‍പ്പെടെ ഒരാളെയും പ്രതിക്കൂട്ടിലാക്കുന്ന യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം പ്രവര്‍ത്തിച്ച ദേവസ്വം ബോര്‍ഡ്‌ അംഗങ്ങള്‍ പ്രസിഡന്റിനു മുകളിലേക്കു കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തിലാണിതെന്നും പത്മകുമാറിന്റെ മറുപടിയിലുണ്ടെന്നാണു സൂചന.
തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പുറത്താക്കല്‍ നടന്നാല്‍ പത്മകുമാര്‍ എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തുമോ എന്ന ആശങ്ക അദ്ദേഹത്തെ അനുകൂലിക്കുന്ന സംസ്‌ഥാന നേതാക്കളടക്കം പങ്കുവയ്‌ക്കുന്നു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായിരിക്കെ സംസ്‌ഥാന നേതാക്കള്‍ അടങ്ങുന്ന ഫ്രാക്ഷനില്‍ കൃത്യമായി പങ്കെടുത്തിരുന്ന പത്മകുമാര്‍ അവിടെ ഉരുത്തിരിയുന്ന നയപരമായ തീരുമാനങ്ങളാണ്‌ നടപ്പാക്കിയിരുന്നത്‌. ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന കരാറുകളും നിയമനങ്ങളും എല്ലാം ഇത്തരത്തിലായിരുന്നു നടത്തിയിരുന്നത്‌. ഭരണപരമായ വിഷയങ്ങളില്‍ പാര്‍ട്ടി നിര്‍ദേശവും ദൈവീക കാര്യങ്ങളില്‍ തന്ത്രിയുടെ അഭിപ്രായവുമായിരുന്നു ഇക്കാലയളവില്‍ സ്വീകരിച്ചിരുന്നതത്രേ. നേതാക്കളില്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിയുകയും ചെയ്യാം. നിയമന ശിപാര്‍ശകളടക്കമുള്ള രേഖകള്‍ മുന്‍ പ്രസിഡന്റിന്റെ പക്കലുണ്ടാകാം എന്നും ഇവര്‍ സംശയിക്കുന്നു.
തെരഞ്ഞെടുപ്പു വേളയില്‍ പത്മകുമാറിനെ പുറത്താക്കി മുഖംമിനുക്കാനുള്ള ശ്രമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന്‌ അഭിപ്രായപ്പെടുന്നവരും പാര്‍ട്ടി നേതൃത്വത്തിലുണ്ട്‌. പ്രതിപക്ഷം നടപടി ആവശ്യപ്പെട്ടപ്പോള്‍ നിസംഗത പാലിച്ച നേതൃത്വം ഇപ്പോള്‍ ഇതിലേക്കു വരുന്നതിനു പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ടെന്നാണു പലര്‍ക്കും സംശയം.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW